കോഴിക്കോട്: പതിനെട്ടുവര്ഷമായി സൗദി അറേബ്യയില റിയാദ് ജയിലില് കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച കേസ് നാളെ റിയാദ് കോടതി വീണ്ടും പരിഗണിക്കും. പലതവണ മാറ്റിവച്ച കേസ് നാളെ വീണ്ടും പരിഗണിക്കുന്പോൾ ഏറെ പ്രതീക്ഷയിലാണ് ലോകത്തെ മലയാളി സമൂഹം. റിയാദിലെ സമയം രാവിലെ എട്ടിനാണ് കോടതി കേസ് പരിഗണിക്കുന്നത്.
സൗദി പൗരന്റെ വീട്ടിൽ രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില് സ്ഥാപിച്ച ജീവന്രക്ഷാ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്ന്നാണ് സൗദി കോടതി അബ്ദുൾ റഹീമിനു വധശിക്ഷ വിധിച്ചത്. ദിയ ധനം സ്വീകരിച്ചശേഷം സൗദി കുടുംബം മാപ്പ് നല്കാന് തയാറാണെന്ന് റിയാദ് ക്രിമിനല് കോടതിയെ അറിയിച്ചതിനെത്തുടര്ന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കി. 34 കോടിയാണ് ദയാധനമായി നല്കിയത്. തടവ് അടക്കമുള്ള ശിക്ഷയില് ഇളവു ലഭിച്ചാല് മാത്രമേ റഹീമിനു ജയിലില് നിന്ന് പുറത്തിറങ്ങാന് കഴിയുകയുള്ളു.
റഹീമിന്റെ മോചനത്തിനു ക്രൗഡ് ഫണ്ടിംഗിലൂടെ 47.87 കോടി രൂപ സമാഹരിച്ചിരുന്നു. ഒക്ടോബര് 21നാണ് റഹീമിന്റെ മോചന ഹര്ജിയില് ആദ്യ സിറ്റിംഗ് നടന്നത്. വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ കേസ് പരിഗണിക്കണമെന്ന്പറഞ്ഞ് അന്ന് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് നവംബര് പതിനേഴിന് വധശിക്ഷ റദ്ദാക്കിയ ബഞ്ച് കേസ് പരിഗണിച്ചുവെങ്കിലും മാറ്റിവച്ചു. ഡിസംബര് എട്ടിന് നടന്ന സിറ്റിംഗിലും വിധി പറയുന്നത് മാറ്റിവച്ച്. കേസ് ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു.