കോഴിക്കോട്: സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദാക്കിയ സാഹചര്യത്തിൽ അടുത്ത 10 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് നാട്ടിലെത്താനാവുമെന്ന് പ്രതീക്ഷ.
ഇനി മോചനത്തിനുള്ള ഉത്തരവാണ് പുറപ്പെടുവിക്കേണ്ടത്. കോടതിയുടെ അടുത്ത സിറ്റിംഗിൽ തന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷയെന്നും 10 ദിവസത്തിനുള്ളിൽ റഹീമിന് നാട്ടിലെത്താനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതന്ന് അബ്ദുൾ റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു.
34 കോടി രൂപയുടെ ദയാധനം, മരിച്ച സൗദി ബാലന്റെ കുടുംബത്തിനു കൈമാറിയതോടെയാണ് അബ്ദുൾറഹീമിന്റെ മോചനത്തിനു വഴിയൊരുങ്ങിയത്. ഇന്ത്യൻ എംബസി മുഖേനെ കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ചെക്ക് റിയാദ് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറിയിരുന്നു.
2006 നവംബറിൽ സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽശഹ്റി മരിച്ച കേസിലാണ് അബ്ദുൾ റഹീമിന് വധശിക്ഷ ലഭിച്ചത്. കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അനസ് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. കാർ യാത്രയ്ക്കിടെ അബ്ദുൾറഹ്മാന്റെ കൈ അബദ്ധത്തിൽ തട്ടി ഉപകരണത്തിന്റെ പ്രവർത്തനം നിലച്ച് അനസ് മരിക്കുകയായിരുന്നു.