വടക്കാഞ്ചേരി: പരന്പരാഗത നെൽകൃഷിയിൽ വിജയഗാഥയുമായി ജനപ്രതിനിധിയുടെ ജൈത്രയാത്ര. ഓട്ടുപാറ കുമരനെല്ലൂർ പതിമൂന്നാം ഡിവിഷനിലെ അരങ്ങത്ത് പറന്പിൽ അബ്ദുൾ സലാം (49) ആണ് ജനപ്രതിനിയെന്ന നിലയിലുള്ള തിരക്കിനിടയിലും, ഡിവിഷനിലെ പൊതു ജനങ്ങളുടെ ആവശ്യകതയും ഉൾക്കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ സജീവമാകുന്പോഴും നെൽകൃഷിയെന്ന സ്വപ്ന സായൂജ്യം സാക്ഷാത്കരിക്കുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നെൽകൃഷി ഉപജീവന മാർഗമാക്കി കുമരനെല്ലൂർ പാടശേഖരത്ത് പാട്ടത്തിനെടുത്ത 10 ഏക്കർ സ്ഥലത്താണ് തന്റെ കൃഷി മേഖല വളർന്നു പന്തലിപ്പിക്കുന്നത്.
ഇവിടെ തികച്ചും ജൈവ കൃഷിയാണ് അവലംബിക്കുന്നത്.
കൂടാതെ എന്ത് തിരക്കുണ്ടെങ്കിലും തൊഴിലാളികളോടൊപ്പം അബ്ദുൾ സലാമും , അവർക്ക് ഉൗർജസ്വലത പകർന്ന് ഒപ്പമുണ്ടാകും. ഞാറു പറിക്കൽ, നടീൽ, കൊയ്ത്ത് ഇതിലെല്ലാമുള്ള ജനപ്രതിനിധിയുടെ പങ്കാളിത്തം തൊഴിലാളികൾക്ക് ആവേശമാണ്. ജ്യോതി , ഉമ എന്നീ നെൽവിത്തുകളാണ് ഉപയോഗിക്കുന്നത്. മുണ്ടകം കൃഷിയും, വിരുപ്പു കൃഷിയുമാണ് ചെയ്യുന്നത്.
കൃഷി മേഖലയെ പരിപോക്ഷിക്കുന്നതോടൊപ്പം , ക്ഷീര മേഖലയിലും അബ്ദുൾ സലാമിന്റെ ചുവടുവെപ്പ് നാടിന് തന്നെ വിസ്മയമാണ്. രണ്ടു പശുക്കളെ ഉള്ളൂവെങ്കിലും, സമൃദ്ധിയായി പാൽ ലഭിക്കുന്നു.
വീട്ടിലെ ആവശ്യത്തിനും, സമീപത്തെ വീടുകളിലും നൽകി ബാക്കിയുള്ളത് പാൽ സൊസൈറ്റിക്കും നൽകും. ചാണകവും, മറ്റും നെൽ കൃഷിക്ക് ഉപയോഗപ്രദമാക്കും. അബ്ദുൾ സലാമിന്റെ മനസിനിണങ്ങിയ ഈ മേഖലക്ക് മാതാവിന്റെ പ്രോത്സാഹനവും, സഹായവുമുണ്ട്. നെൽകൃഷി ഇനത്തിൽ ഒരു വർഷം എല്ലാ ചിലവും കഴിഞ്ഞ് രണ്ടര ലക്ഷം രൂപ ആദായമുണ്ടാകുമെന്നും അബ്ദുൾ സലാം പറഞ്ഞു.
വീട്ടിലേക്കുള്ള അരി സ്വന്തമായിട്ടാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇതിനാൽ രോഗ പീഢകൾക്ക് സ്ഥാനമില്ലെന്നും ഈ ജനപ്രതിനിധി പറയുന്നു. എല്ലാ ചിലവും കഴിഞ്ഞ് ബാക്കി വരുന്ന നെല്ല് സപ്ലൈകോ വഴി വിറ്റഴിക്കും. കുടിശികയില്ലാതെ പണം ലഭ്യമാകുന്നത് കൃഷി മേഖലക്ക് പ്രചോദനമെന്നും, സഹായകരമാണെന്നും അബദുൾ സലാം പറഞ്ഞു.