ശ്രീകണ്ഠപുരം: കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ചേൽപിച്ച് വ്യാപാരി നേതാവ് മാതൃകയായി. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്തെ മലബാർ ടോയ്സ് ആൻഡ് ഗിഫ്റ്റ് കട ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് സെക്രട്ടറിയുമായ സി.എച്ച്. അബ്ദുറഹ്മാനാണ് മാതൃകയായത്.
ഇന്നലെ രാവിലെയാണ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഒരു പവനിലധികം തൂക്കം വരുന്ന സ്വർണമാല അബ്ദുറഹ്മാന് കളഞ്ഞ് കിട്ടിയത്. തുടർന്ന് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലേൽപിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടമ ചെങ്ങളായി ചേരൻമൂലയിലെ മുഹ്സിന സ്റ്റേഷനിലെത്തി എഎസ്ഐ അജിത് കുമാറിന്റെ സാന്നിധ്യത്തിൽ അബ്ദുറഹ്മാനിൽ നിന്ന് സ്വർണാഭരണം ഏറ്റുവാങ്ങി.