കൊല്ലം: നിലമേല്‍ മുരുക്കുമണ്‍ മുറിയില്‍ അബ്ദുസലാമിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് സഹോദരന് ഇ. സൈനുദീന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് രാത്രിഏഴോടെ നിലമേലിലെ പുതുശേരിയില്‍ വച്ചുണ്ടായ അപകടത്തിലാണ് അബ്ദുസലാം മരിച്ചത്. റോഡില്‍ രക്തം വാര്‍ന്ന് കിടന്ന അദ്ദേഹത്തെ ഓട്ടോ തൊഴിലാളികളാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും ഒന്‍പതിന് രാത്രി 7.45 ഓടെ അബ്ദുസലാം മരിച്ചു. തലയ്ക്ക് പുറകുവശമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഓടിച്ചിരുന്ന ബൈക്കിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. മാത്രമല്ല അബ്ദുസലാമിനെ ആശുപത്രിയിലെത്തിക്കുന്ന സമയം അജ്ഞാതനായ ഒരാളെ ചിലര്‍ ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയെന്ന് അറിയാനും സാധിച്ചു.
മാത്രമല്ല അപകടസ്ഥലത്തിനടുത്ത കടയിലെ യുവാവ് ഇയാളെ അറിയാമെന്ന് പറഞ്ഞിരുന്നു. അബ്ദുസലാം മരിച്ചതിന്റെ അടുത്ത ദിവസം പോലീസ് അന്വേഷണം നടത്തിയപ്പോള്‍ ഇയാളെ അറിയില്ലെന്ന് യുവാവ് മൊഴി നല്‍കുകയും തൊട്ടടുത്ത ദിവസം മുതല്‍ ഇയാളെ കാണാതെയുമായി.
ഇതോടെ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയമുണ്ടെന്ന് സൈനുദീന്‍ പറഞ്ഞു. കൊട്ടാരക്കര റൂറല്‍ എസ്പിയ്ക്ക് പരാതി കൊടുത്തിട്ടും നടപടികള്‍ ഇല്ല. അതിനാല്‍ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.