ജസ്റ്റീസ് ഏബ്രഹാം മാത്യു
അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണു കോടതിയിൽ പറഞ്ഞത്? പ്രോസിക്യൂട്ടറുടെ വിസ്താരത്തിൽ (ചീഫ്) സാക്ഷി പറഞ്ഞു. ഒന്നാം പ്രതിയും മറ്റൊരാളും “ടോർച്ചടിച്ച് സ്റ്റെയർകേസിലേക്കു വരുന്നതാണു കണ്ടത്’’ (പേജ് 3). ഈ മൊഴി പല പ്രാവശ്യം ആവർത്തിച്ചു.
ഇതു സിബിഐയുടെ കേസിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടർക്കു മനസിലായില്ലേ? മനസിലായത് ക്രോസ് വിസ്താരത്തിനുശേഷം (മൂന്നാം ദിവസം) ആണെന്നു തോന്നുന്നു. അതുകൊണ്ടാണ് അതിനുശേഷം നേരത്തെപറഞ്ഞ നിയമവിരുദ്ധമായ ചോദ്യം അദ്ദേഹം ചോദിച്ചത്.
“രണ്ടുപേർ ടെറസിൽ നിൽക്കുന്നതു ഞാൻ കണ്ടില്ല’’ എന്നുറപ്പിച്ചു പറഞ്ഞ (പേജ് 12) സാക്ഷി മൂന്നു വിസ്താരത്തിലും പറഞ്ഞതു രണ്ടുപേർ ഗോവണി കയറിപ്പോകുന്നതാണു കണ്ടതെന്നാണ്.
എന്നിട്ടും കോടതി കണ്ടെത്തിയത് “രണ്ടുപേർ ടെറസിൽനിന്നു ടോർച്ച് അടിച്ചു പരിസരം വീക്ഷിക്കുന്നതു കണ്ടെന്ന് അടയ്ക്കാ രാജു കോടതിയിലും അതിനുമുന്‍പ് നടത്തിയ പ്രസ്താവനയിലും മാറ്റംകൂടാതെ പറഞ്ഞിട്ടുള്ളതാണെ”ന്നാണ് (വിധി- ഖണ്ഡിക 126). സാക്ഷി പല പ്രാവശ്യം നിഷേധിച്ച ഒരു കാര്യം!
“വിശ്വസ്തൻ” വീണിട്ടും!
അടയ്ക്കാ രാജു ആദ്യം പറഞ്ഞു: ഒന്നാം പ്രതിയെയും മറ്റൊരാളെയും കണ്ടപ്പോൾതന്നെ ഞാൻ മോഷ്ടിക്കാതെ, രണ്ടു വാട്ടർ മീറ്റർ എടുത്തുകൊണ്ടുപോയി (പേജ് 4). ഇതു ക്രോസ് വിസ്താരത്തിലല്ല, പ്രോസിക്യൂട്ടറുടെ വിസ്താരത്തിൽ പറഞ്ഞതാണ്.
സാക്ഷി ക്രോസ് വിസ്താരത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി: കൊക്കോ ചെടിയിൽ ചവിട്ടി മതിൽ ചാടാൻ ശ്രമിച്ചില്ല. അപ്പോൾ (അവിടെ?) ഞാൻ നിൽക്കുന്പോഴാണ് രണ്ടുപേരെ കണ്ടത്. 10-20 മിനിറ്റ് ഞാനവിടെ നിന്നു. കൊക്കോയിൽ കയറാൻ എനിക്കവസരം കിട്ടിയില്ല.
എന്നാൽ, വിധിയിൽ കോടതി പ്രഖ്യാപിച്ചു: സംഭവദിവസം സാക്ഷി (രാജു) ഹോസ്റ്റലിൽനിന്നു തകിടു മോഷ്ടിച്ച് ആക്രിക്കച്ചവടക്കാരനായ ഷമീറിനു വിറ്റു.
സാക്ഷി രാജുവിന്റെ ഈ മൊഴി ഷമീറിന്റെ മൊഴിവഴി ഉറപ്പിക്കുന്നു (വിധി ഖണ്ഡിക 138). ടോർച്ചിന്റെ വെളിച്ചം കണ്ടയുടൻ മോഷ്ടിക്കാതെ സ്ഥലംവിട്ടു എന്നാദ്യം പറഞ്ഞ രാജു പിന്നീടു പറഞ്ഞു, പുലർച്ചെ അഞ്ചു മണിക്കു സൈറൺ കേൾക്കുന്നതുവരെ അവിടെ പമ്മി ഇരുന്നുവെന്ന്. അങ്ങനെയെങ്കിൽ അഞ്ചുമണിക്കു തൊട്ടുമുന്‍പ് അഭയയുടെ മരണത്തിൽ കലാശിച്ച സംഭവം നടക്കുന്പോൾ അയാൾ തൊട്ടടുത്തുണ്ട്.
ഒടിച്ചുമടക്കിയിട്ടും മുദ്ര!
സംഭവം അയാൾ എങ്ങനെ അറിയാതെപോയി? ഇതിനു സിബിഐ വേണം ഉത്തരം പറയാൻ. ഇവിടെ ചൂണ്ടിക്കാട്ടിയതു സാക്ഷി രാജുവിന്റെ മൊഴിയിലെ പ്രധാനപ്പെട്ട വൈരുധ്യങ്ങൾ മാത്രമാണ്. മറ്റനവധി വൈരുധ്യങ്ങളുണ്ട്. എന്നിട്ടും വിധിയിൽ പറയുന്നു ഒരു വൈരുധ്യവുമില്ലെന്ന്.
സംഭവസമയം ഒന്നാംപ്രതി വൈദികനെ ഹോസ്റ്റലിന്റെ ടെറസിൽ കണ്ടുവെന്നു സിബിഐ ഭാഷ്യം. അതു തെളിയിക്കാൻ അവർ കൊണ്ടുവന്നതും കേസിലെ നക്ഷത്രസാക്ഷിയുമായ അടയ്ക്കാ രാജുതന്നെ പൊളിച്ചുമടക്കി കൈയിൽകൊടുത്തു.
ക്രോസ് വിസ്താരം ഇല്ലായിരുന്നുവെങ്കിൽ പോലും ഇയാളുടെ മൊഴി തള്ളേണ്ടതായിരുന്നു. എന്നിട്ടു വിധിയിൽ ആ ഭാഷ്യം സത്യമായി അംഗീകരിച്ചു മുദ്രനൽകി. അത് ഒന്നാം പ്രതിക്കെതിരായ ഉത്തരവിന് അടിസ്ഥാനമാക്കി.
കളർകോടിന്റെ യഥാർഥ നിറം!
ഒന്നാംപ്രതി വൈദികനെതിരേ സിബിഐ നിരത്തിയ അടുത്ത തെളിവ് അദ്ദേഹം കളർകോട് വേണുഗോപാലനോടു (pw- 6) കേസുമായി ബന്ധപ്പെട്ട ചില വസ്തുതകൾ തുറന്നുസമ്മതിച്ചു എന്നാണ്.
അത് ഇതാണ്: വൈദികൻ പറഞ്ഞു, തനിക്ക് ഒരബദ്ധം പറ്റിപ്പോയി; താനും കന്യാസ്ത്രീയും തെറ്റായ ബന്ധത്തിൽ കഴിയുകയായിരുന്നു. ഇയാൾ ‘വിശ്വസ്തനായ’ സാക്ഷിയായതുകൊണ്ട് അയാളുടെ മൊഴിയും വിധിയിൽ സ്വീകരിച്ചു.
ഇയാളുടെ മൊഴി സത്യമാണെന്നു വിശ്വസിച്ചാൽപോലും ഇതിനു കേസുമായി എന്തു ബന്ധമാണുള്ളത്? ഇത് അഭയയുടെ മരണവുമായി എങ്ങനെ ബന്ധിക്കും? യാഥാർഥ്യം പറഞ്ഞാൽ ഇയാളുടെ മൊഴി നിയമപ്രകാരം അപ്രസക്തമായതുകൊണ്ട് അനുവദിനീയമായിരുന്നില്ല.
വർഷങ്ങൾക്കുമുന്‍പ് ചാലക്കുടിയിലെ ഒരു വൈദികനെതിരേ പോലീസ് ഒരു കേസെടുത്തു. സുപ്രീംകോടതി അതു റദ്ദുചെയ്തു. അതിനുശേഷം കളർകോട് വേണുഗോപാലൻ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ അതേകാര്യം സംബന്ധിച്ച് ഒരു സ്വകാര്യ അന്യായം കൊടുത്തു.
അന്നത്തെ മജിസ്ട്രേറ്റ് ചന്ദ്രശേഖരൻ അതു നിലനിൽക്കില്ലെന്നു പറഞ്ഞു തുടക്കത്തിൽത്തന്നെ തള്ളി. എന്നാൽ, വേണുഗോപാലൻ ഹൈക്കോടതിയിൽനിന്ന് അനുകൂലമായി വിധി സന്പാദിച്ചു.
എന്നാൽ, വീണ്ടും കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ കോടതി വേണുഗോപാലനോടു നേരിട്ടു ഹാജരാവാൻ വാക്കാൽ നിർദേശം നൽകിയെന്നു പറയുന്നു. അപകടം മണത്തറിഞ്ഞ വേണുഗോപാലൻ ഉടൻതന്നെ പരാതി നിരുപാധികം പിൻവലിച്ചു രക്ഷപ്പെട്ടു. ക്രോസ് വിസ്താരത്തിൽ ഇങ്ങനെ ഹർജി പിൻവലിച്ചതു സാക്ഷി സമ്മതിച്ചു.
എന്തൊരു അവകാശവാദം!
ഒരു പരിചയവുമില്ലാത്ത ചാലക്കുടിയിലെ ഒരു വൈദികനെതിരേ, ആരോപിക്കപ്പെട്ട സംഭവവുമായി ഒരു ബന്ധവുമില്ലാത്ത, അതിനെക്കുറിച്ച് നേരിട്ട് ഒരു അറിവുമില്ലാത്ത വേണുഗോപാലൻ ക്രിമിനൽ കേസ് കൊടുക്കാൻ തയാറായി, അതും സുപ്രീംകോടതി പരാതി നിലനിൽക്കില്ലെന്നു വിധിപറഞ്ഞതിനു ശേഷം.
ഇയാൾക്ക് ഒരു ജോലിയും ഇല്ലെന്നാണ് ഇയാളുടെ മൊഴിയിലെ ആദ്യവാചകംതന്നെ. ഒന്നാംപ്രതി വൈദികനുമായി ഈ സാക്ഷിക്കു മുൻപരിചയം ഇല്ലായിരുന്നു.
പ്രതികളെ നാർക്കോ പരിശോധനയ്ക്കു വിധേയരാക്കുന്നുവെന്നറിഞ്ഞ് ഇയാൾ ഒന്നാം പ്രതിയെ അറസ്റ്റുചെയ്ത 2008 നവംബർ 11-ാം തീയതിക്ക് ആറു മാസം മുന്‍പ് അദ്ദേഹത്തിന്റെ ഫോൺ നന്പർ തേടിപ്പിടിച്ച് അദ്ദേഹവുമായി കോട്ടയം ബിഷപ്സ് ഹൗസിൽവച്ച് ഒരു കൂടിക്കാഴ്ച നടത്തി.
അപ്പോൾ വൈദികൻ വേണുഗോപാലിനോടു പറഞ്ഞത്രേ: “ഞാനും ഒരു പച്ചമനുഷ്യനാണ്; എനിക്ക് തെറ്റുപറ്റിപ്പോയി, ഞാനും മൂന്നാംപ്രതി കന്യാസ്ത്രീയുമായി തെറ്റായ ബന്ധത്തിൽ കഴിയുകയാണ്.”
കേസിൽ ഈ മൊഴി എങ്ങനെ പ്രസക്തമാകുമെന്നു മനസിലാകുന്നില്ല.
വേണുഗോപാലൻ പിന്നെയും പറഞ്ഞു: ഹൈക്കോടതിയിൽ നാർക്കോ പരിശോധനയ്ക്കുള്ള ഹർജിവരുന്പോൾ ഒന്നാം പ്രതിക്കുവേണ്ടി ഒരു തടസഹർജി കൊടുക്കണമെന്നു പറഞ്ഞു. വഴിച്ചെലവിനായി 5,000 രൂപയും തന്നു.
എന്നാൽ, ഞാൻ ഹർജി കൊടുത്തില്ല. സാക്ഷി വൈദികനോടു പറഞ്ഞു, അദ്ദേഹത്തിന്റെ പ്രവൃത്തി ശരിയല്ലെന്ന്. അതുകൊണ്ടു കൊടുത്തില്ലെന്ന്. പിന്നെയും പിന്നെയും സാക്ഷി പലതും പറഞ്ഞു.
14 വർഷത്തിനു ശേഷം!
അഭയ മരിക്കുന്നത് 1992 മാർച്ച് 27-നാണ്. 14 വർഷത്തിനു ശേഷമാണ് ഇതു നടന്നതായി സാക്ഷി പറഞ്ഞത്. ഇത്തരം തെളിവ് ആശ്രയിക്കാവുന്നതല്ലെന്നു സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
വൈദികൻ പറഞ്ഞതുപോലുള്ള കാര്യങ്ങൾ സാക്ഷിയോടു വെളിപ്പെടുത്താനുള്ള ബന്ധം അവർ തമ്മിൽ ഉണ്ടായിരുന്നുവെങ്കിൽ മാത്രമേ ആ മൊഴി സ്വീകരിക്കാൻ പറ്റൂ.
എന്നുവച്ചാൽ പ്രതിക്കു സാക്ഷിയുമായി രഹസ്യങ്ങൾ പറയാനുള്ള തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കണമെന്നർഥം.
ഒന്നാംപ്രതിയും സാക്ഷിയും കൂടിക്കാഴ്ച നടത്തിയെന്നതു ശരിയാണെന്നു സങ്കല്പിച്ചാൽ പോലും പ്രതി ജീവിതത്തിൽ ആദ്യമായി കാണുന്ന വ്യക്തിയോട് ഇങ്ങനെയൊരു രഹസ്യം വെളിപ്പെടുത്തിയെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല.
ഈ സാക്ഷിയിലൂടെ ‘പല നേട്ടങ്ങൾ’ കൊയ്യാനാണു സിബിഐ ശ്രമിച്ചത്. അതു പിന്നീടു പറഞ്ഞുകൊള്ളാം. ക്രോസ് വിസ്താരത്തിൽ ഈ സാക്ഷിയുടെ ‘യോഗ്യതകൾ’ പുറത്തുവന്നു.
തീർത്തും വിശ്വസിക്കാൻ പാടില്ലാത്ത ഒരു മൊഴിയാണെന്നതിനുള്ള കാര്യങ്ങൾ മൊഴിയിൽ കൊണ്ടുവന്നു. എന്നിട്ടും മൊഴി പൂർണമായും വിശ്വാസ യോഗ്യമായി വിധിയിൽ പറഞ്ഞിരിക്കുന്നു.
ഈ രണ്ടാമത്തെ സാഹചര്യം പ്രസക്തമല്ലെന്നു മാത്രമല്ല, വിശ്വാസ യോഗ്യവുമല്ല. അപ്പോൾ ഈ സാഹചര്യവും വൈദികനെതിരേ ലഭ്യമല്ല. ഒന്നാം പ്രതിക്കെതിരേ സിബിഐ ആശ്രയിച്ച രണ്ടു സാഹചര്യങ്ങളും അഭയയുടെ മരണവുമായി ബന്ധമില്ലാത്തതും തെളിയിക്കപ്പെടാത്തതുമാണ്. ചുരുക്കത്തിൽ അദ്ദേഹത്തിനെതിരേ ഒരു തെളിവുമില്ല.
എന്തിനു വേണ്ടി ഇതൊക്കെ
മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരേ മൂന്നു സാഹചര്യത്തെളിവുകളാണു സിബിഐ മുന്നോട്ടുവച്ചത്. അതില്‍ ഒരെണ്ണം ഈ പ്രതി ചില കാര്യങ്ങള്‍ മറ്റൊരാളോടു സമ്മതിച്ചുവെന്നാണ്.
എന്നാല്‍, അക്കാര്യങ്ങള്‍ പ്രതി സമ്മതിച്ചിട്ടില്ലന്നു കോടതി കണ്ടെത്തി. പക്ഷേ, വിധിയില്‍ പറഞ്ഞു, അങ്ങനെയാണെങ്കിലും വേറെചില കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്ന്.
എന്നിട്ടു ലൈംഗികതയുമായി ബന്ധപ്പെട്ട അപവാദപരവും അപഹാസ്യവുമായ ചില കാര്യങ്ങള്‍ കോടതിവിധിയില്‍ ചര്‍ച്ചചെയ്തു, അവ അപ്രസക്തമായിട്ടുപോലും. ഇതിനു യാതൊരു ന്യായീകരണവുമില്ല. ഒന്നാമതായി മുകളില്‍ പറഞ്ഞ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നു കോടതി പറഞ്ഞിട്ടുള്ളതിനാല്‍ ബാക്കി രണ്ടു സാഹചര്യങ്ങള്‍ വിശകലനം ചെയ്യാം.
ഇതെങ്ങനെ തെളിവാകും
രണ്ടാമത്തെ സാഹചര്യം, പ്രതി കന്യാസ്ത്രീയെ രാത്രിയില്‍ സംഭവം നടന്നതായി അനുമാനിക്കാവുന്ന (കുറ്റപത്രത്തിലോ വിധിയിലോ സംഭവസ്ഥലം പറഞ്ഞിട്ടില്ല) ഹോസ്റ്റലിലെ ഏറ്റവും താഴത്തെ നിലയില്‍ കണ്ടുവെന്നതാണ്.
സാക്ഷിമൊഴി അനുസരിച്ച് മൂന്നാംപ്രതി കന്യാസ്ത്രീയെ സംഭവത്തിനുമുന്പ് കാണുന്നതു രാത്രി (26-ാം തീയതി) പത്തുമണിക്കടുത്താണ്. അടുക്കളയില്‍ സേവനം ചെയ്തിരുന്ന അച്ചാമ്മ ( pw- 11)യാണ് ഇതു വെളിപ്പെടുത്തിയത്.
മൂന്നാം പ്രതി താഴത്തെ നിലയിലുള്ള അവരുടെ മുറിയിലിരുന്നു വായിക്കുന്നതു കണ്ടു പത്തു മണിക്കടുത്ത്. ഈ സാക്ഷിയുടെയും സാക്ഷി നിഷാ റാണി ( pw- 9)യുടെയും മൊഴിയില്‍ പറയുന്നതനുസരിച്ച് അടുക്കളയ്ക്കടുത്തുള്ള (താഴത്തെനിലയില്‍) മുറിയിലായിരുന്നു മൂന്നാം പ്രതി താമസിച്ചിരുന്നത്. ആ നിലയില്‍ മറ്റാരും താമസമുള്ളതായി തെളിവിലില്ല.
മൂന്നാം പ്രതി താഴത്തെ നിലയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്നുവെന്നതും രാത്രി പത്തു മണിക്ക് അവരുടെ മുറിയിലിരുന്നു വായിച്ചിരുന്നുവെന്നതും പുലര്‍ച്ചെ നാലേകാലിനും അഞ്ചിനും ഇടയ്ക്ക് നടന്ന അഭയയുടെ മരണവുമായി അവര്‍ക്ക് ബന്ധമുണ്ടെന്നുള്ളതിന് എങ്ങനെ തെളിവാകും എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ആ സമയം ഉദ്ദേശം 160 പേര്- പല മതവിഭാഗങ്ങളില്‍പ്പെട്ടവര്‍- അവിടെ താമസമുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലുണ്ട്. അവരെയെല്ലാവരെയും സിബിഐ പ്രതികളാക്കിയില്ലെന്നോര്‍ത്തു നമുക്ക് ആശ്വസിക്കാം. സിബിഐ ആശ്രയിച്ച രണ്ടാമത്തെ സാഹചര്യം ബുദ്ധിക്കു നിരക്കാത്തതാണ്.
(തുടരും)