കൊച്ചി: അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും സിബിഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു.
പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്താന്‍ വിചാരണക്കോടതി ആശ്രയിച്ച ഒമ്പതു സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിനതടവും 6.5 ലക്ഷം രൂപ പിഴയും, സിസ്റ്റർ സെഫിക്ക് ജീവപര്യന്തം കഠിനതടവും 5.5 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നത്.
ശിക്ഷയ്ക്കെതിരേയുള്ള അപ്പീലുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും നല്കിയ ഹര്‍ജികളാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ.
കോടതിയുടെ അനുമതി ഇല്ലാതെ കേരളം വിടരുത്, ആദ്യത്തെ ആറു മാസം എല്ലാ ശനിയാഴ്ചകളിലും തുടര്‍ന്നുള്ള മാസങ്ങളില്‍ രണ്ടാം ശനിയാഴ്ചകളിലും സ്റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസില്‍ പ്രോസിക്യൂഷന് ആശ്രയിച്ച തെളിവുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയില്‍ വാദങ്ങളുന്നയിച്ചത്.
കേസിലെ മറ്റൊരു പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റവിമുക്തനാക്കിയതെന്നും അദ്ദേഹത്തിനു ലഭിച്ച സ്വാഭാവികനീതിക്ക് തങ്ങളും അര്‍ഹരാണെന്നും പ്രതിഭാഗം വാദിച്ചു.
തെളിവുകളും വസ്തുതകളും വിചാരണക്കോടതി വിശദമായി പരിശോധിച്ചാണ് വിധി പറഞ്ഞതെന്നും ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐക്കുവേണ്ടി ഹാജരായ അസി. സോളിസിറ്റര്‍ ജനറലും വാദിച്ചു.
പ്രതിഭാഗം ചൂണ്ടിക്കാട്ടിയ വസ്തുതകളും പൊരുത്തക്കേടുകളും ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു വിലയിരുത്തി ഡിവിഷന് ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. അഡ്വ. ബി. രാമൻപിള്ള, അഡ്വ. പി. വിജയഭാനു എന്നിവരാണ് പ്രതികൾക്കുവേണ്ടി ഹാജരായത്.
കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണു കോട്ടയം പയസ് ടെന്ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 ഡിസംബര്‍ 23ലായിരുന്നു ശിക്ഷാവിധി.
അഭയ കേസ്: ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ തത്വങ്ങള്‍ സിബിഐ കോടതി കാറ്റില്‍ പറത്തി
കൊച്ചി: ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ എല്ലാ തത്വങ്ങളും കാറ്റില്‍പറത്തി, വിദഗ്ധസാക്ഷ്യത്തെയും കോണ്‍വന്റിലെ മറ്റ് അന്തേവാസികളുടെ സാക്ഷ്യത്തെയും തള്ളിക്കളഞ്ഞാണ് വിചാരണ നടത്തിയ സിബിഐ കോടതി അഭയ കേസിൽ തീരുമാനമെടുത്തതെന്ന് ഹൈക്കോടതി.
ഭൗതികശാസ്ത്രം, മനഃശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ തന്റെ അല്പജ്ഞാനം ഉപയോഗിച്ചാണ് കേസ് സംബന്ധിച്ച് വിചാരണക്കോടതി ജഡ്ജി വിലയിരുത്തിയിരിക്കുന്നതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
പ്രതിഭാഗം ഉന്നയിച്ച വാദങ്ങളില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള കാരണങ്ങളുണ്ട്. പ്രതിഭാഗത്തിന്റെ വാദത്തിനെതിരേ ശക്തമായ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ല.
ഈ ഘട്ടത്തില്‍ തെളിവുകള്‍ മൊത്തത്തില്‍ പരിശോധിക്കുന്നില്ലെന്നും ഹര്‍ജി വിശദമായി പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൈക്കോടാലിപോലുള്ള ആയുധത്തിന്റെ തടികൊണ്ടുള്ള പിടി ഉപയോഗിച്ച് തലയില്‍ മുറിവുണ്ടാക്കിയേക്കാമെന്ന് വിചാരണക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, കൈക്കോടാലി പോലീസ് പിടിച്ചെടുക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. ഫോട്ടോഗ്രാഫറുടെ മൊഴിയില്‍ കഴുത്തില്‍ കണ്ട പാടുകളെപ്പറ്റി പറയുന്നുണ്ട്.
വിചാരണക്കോടതി പ്രധാനമായും ആശ്രയിച്ചത് ഈ കണ്ടെത്തലിനെയാണ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരം പരാമര്‍ശം ബന്ധപ്പെട്ട ഡോക്ടര്‍ നടത്തിയിട്ടില്ല.
ഫോട്ടോഗ്രാഫര്‍ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാതിരുന്നിട്ടും അതു സ്വീകരിച്ച് ഡോക്ടറുടെ മൊഴി തള്ളിക്കളയുകയാണു ചെയ്തത്.
ഇക്കാര്യത്തിൽ ഒരു ഡോക്ടറുടേതിനേക്കാള് കൃത്യത ഫോട്ടോഗ്രാഫർക്കുണ്ടെന്ന് വിചാരണക്കോടതി ജഡ്ജി വിലയിരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ആരോപണം കഴമ്പില്ലാത്തത്: അസി. സോളിസിറ്റര്‍ ജനറല്‍
കൊച്ചി: അഭയാ കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജികളില്‍ സിബിഐയുടെ ഭാഗത്തു വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെന്ന ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ആരോപണം കഴമ്പില്ലാത്തതാണെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു വ്യക്തമാക്കി.
കേരള ഹൈക്കോടതിയിലെ സിബിഐ കേസുകളില്‍ അസി. സോളിസിറ്റര്‍ ജനറലാണ് സാധാരണ ഹാജരാകുന്നത്.
എന്നാല്‍ അഭയ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു അഡീ. സോളിസിറ്റര്‍ ജനറലിനെ ഹാജരാക്കണമെന്ന് സിബിഐ സ്പെഷല്‍ ക്രൈം ബ്യൂറോ തലവനു കഴിഞ്ഞ മാര്‍ച്ച് 16നു കത്തു നല്കി.
തുടര്‍ന്ന് സിബിഐയുടെ സൗത്ത് സോണിന്റെ കേസുകള്‍ക്കു നിയോഗിച്ചിട്ടുള്ള അഡീ. സോളിസിറ്റര്‍ ജനറല്‍ സൂര്യകിരണ്‍ റെഡ്ഢിയെ കേസില്‍ ഹാജരാകാന്‍ ചുമതലപ്പെടുത്തി.
കേസിന്റെ മലയാളത്തിലുള്ള രേഖകളെല്ലാം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി അദ്ദേഹത്തിനു നല്‍കിയിരുന്നു. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹവുമായി ചര്‍ച്ചകളും നടത്തി.
തുടര്‍ന്ന് സിബിഐയുടെ നിലപാട് അദ്ദേഹം ഫലപ്രദമായി കോടതിയെ ധരിപ്പിച്ചെന്നും എസ്. മനു വിശദീകരിച്ചു.
സിസ്റ്റർ സെഫി ജയിൽമോചിതയായി
തിരുവനന്തപുരം: ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവിട്ടതോടെ സിസ്റ്റർ സെഫി താത്കാലികമായി ജയിൽ മോചിതയായി.
ഹൈക്കോടതി ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ജയിൽ മേധാവികൾക്ക് കൈമാറുകയും ജാമ്യക്കാർ ഉൾപ്പടെയുള്ളവർ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തതോടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് ഇന്നലെ വൈകുന്നേരത്തോടെ ഇവർക്കു പുറത്തിറങ്ങാനായത്.
എന്നാൽ, ജാമ്യ നടപടികൾ പൂർത്തിയാക്കാത്തതിനാൽ ഫാ. തോമസ് കോട്ടൂരിന് ഇന്നലെ പൂജപ്പുര സെൻട്രൽ ജയിയിലിൽനിന്ന് പുറത്തിറങ്ങാനായില്ല. നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇന്നു പുറത്തിറങ്ങാനാകും.
ഡിവിഷന് ബെഞ്ചിന്റെ വിലയിരുത്തലുകൾ
അഭയ കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ മെഡിക്കല്‍ രേഖകളിലും ഇതുമായി ബന്ധപ്പെട്ട വിദഗ്ധോപദേശങ്ങളിലും വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അഭയയുടെ കഴുത്തിൽ നഖപ്പാടുകള്‍ കണ്ടെന്ന ഫോട്ടോഗ്രാഫറുടെ മൊഴി ശിക്ഷ വിധിക്കാൻ വിചാരണക്കോടതി ആധാരമാക്കിയിരുന്നു.
എന്നാൽ, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ നഖപ്പാടുകളുടെ കാര്യമില്ലായിരുന്നു. ഫോട്ടോഗ്രാഫറുടെ മൊഴി തെളിയിക്കാൻ മൃതദേഹത്തിന്റെ ഫോട്ടോ ഹാജരാക്കേണ്ടതിനു പകരം മഠത്തിന്റെ ഫോട്ടോകളാണ് എത്തിച്ചത്.
ഇത് വിചാരണക്കോടതി ശ്രദ്ധിച്ചിട്ടില്ല. ആരോഗ്യവിദഗ്ധന്റെ അവബോധത്തേക്കാള്‍ ഫോട്ടോഗ്രഫറുടെ അവബോധമാണു കൂടുതല്‍ കൃത്യമായത് എന്ന വിചാരണക്കോടതിയുടെ വിലയിരുത്തല്‍ അനുവദിക്കാനാവില്ല.
കോണ്‍വന്റ് ഹോസ്റ്റല്‍ അലങ്കോലമായി കിടന്നതോ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പുകളും അടുക്കളയില്‍ കണ്ടെത്തിയതോ സിസ്റ്റര്‍ സെഫി താഴത്തെ നിലയിലെ മുറിയില്‍ തനിച്ചായിരുന്നുവെന്നതോ ആരെയും കുറ്റക്കാരാക്കാന്‍ പര്യാപ്തമല്ല.
അഭയയുടെ തലയ്ക്ക് കൈക്കോടാലി ഉപയോഗിച്ച് അടിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റെന്നു പറയുമ്പോള്‍ ഈ കൈക്കോടാലി കോടതിയില്‍ തൊണ്ടിയായി ഹാജരാക്കിയിട്ടില്ല.
ഹോസ്റ്റലില്‍ മോഷ്ടിക്കാന്‍ കയറിയപ്പോള്‍ ഫാ. തോമസിനെ കണ്ടെന്ന് അടയ്ക്കാ രാജു പറയുന്നു. ഇയാള്‍ പോലീസിനു നല്കിയ മൊഴിയിലും പിന്നീടു നല്കിയ രഹസ്യമൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്.
മോഷ്ടിച്ച വാട്ടര്‍ മീറ്ററുകള്‍ കണ്ടെടുത്തിട്ടില്ല. പുലർച്ചെ രണ്ടു മുതല്‍ അഞ്ചു വരെ ഫാ. തോമസ് ടെറസിലുണ്ടായിരുന്നെന്ന് ഇയാള്‍ പറയുമ്പോള്‍ കുറ്റകൃത്യം കണ്ടിട്ടുണ്ടാവണം. പക്ഷേ, സംഭവത്തിന് ദൃക്സാക്ഷികളില്ല.