കൊച്ചി: വാഹനാപകടത്തിൽ തകർന്ന തന്റെ മുഖം തിരികെ തന്ന ഡോക്ടറെ കാണാനും നന്ദി അറിയിക്കാനും അഭയകുമാർ വീണ്ടും ആശുപത്രിയിലെത്തി. 2011 ഡിസംബറിൽ അമ്മയ്ക്കൊപ്പം ഓട്ടോറിക്ഷ യാത്ര നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് അഭയകുമാറിന്റെ മുഖത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടത്. തുടർന്ന് എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ ആറര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഖാവയവങ്ങൾ യഥാസ്ഥാനത്ത് പിടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്ലാസ്റ്റിക് സർജൻ ഡോ. ആർ. ജയകുമാറിനെ കാണാനാണ് അഭയ്കുമാർ എത്തിയത്.
പത്തനംതിട്ട തലച്ചിറ സ്വദേശികളായ ജി. വിജയകുമാറിന്റെയും ഷീബയുടെയും മകനാണ് അഭയകുമാർ. ഓട്ടോറിക്ഷയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂക്ക്, ചുണ്ട്, നെറ്റി, മോണ, പല്ല് എന്നിവ നഷ്ടപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ നഷ്ടപ്പെട്ട മുഖാവയവങ്ങളെപ്പറ്റി ആരും ശ്രദ്ധിച്ചില്ല. പിന്നീട് അപകടസ്ഥലത്ത് പരിശോധന നടത്തിയ പോലീസുകാരാണ് ഇവ പാത്രത്തിലാക്കി ആശുപത്രിയിൽ എത്തിച്ചത്. ആദ്യം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ എത്തിച്ച അഭയകുമാറിനെ അവിടെ നിന്ന് എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ മുഖാവയവങ്ങൾ ഏകദേശം പൂർവസ്ഥിതി പ്രാപിച്ചു.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നതെന്ന് സ്പെഷലിസ്റ്റ് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. ഇപ്പോഴും ആറു മാസത്തിലൊരിക്കൽ പരിശോധന നടത്തണം.
മുഖം പൂർണമായും പൂർവസ്ഥിതിയിലാക്കാൻ കുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തലച്ചിറ എസ്എൻഡിപി യുപിഎസ് വിദ്യാർഥിയായ അഭയ്കുമാർ ആറാം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. നിലവിൽ ആരോഗ്യ പ്രശ്നമൊന്നുമില്ലെന്ന് അഭയ്കുമാർ പറഞ്ഞു.