തിരുവനന്തപുരം: മദ്യാസക്തിയിൽ യുവതിയെ കാറിനുള്ളിൽ വച്ച് മർദിച്ച കേസിൽ അഭിഭാഷകനെ മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തു.
പാറ്റൂർ സ്വദേശിയും വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനുമായ അശോകാണ്(31) അറസ്റ്റിലായത്. മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ മകനാണ് അറസ്റ്റിലായ അശോക്.
കഴിഞ്ഞ ദിവസം രാത്രി ലോ കോളജ് ജംഗ്ഷനിലൂടെ സഞ്ചരിച്ച കാറിൽ നിന്നും യുവതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട നാട്ടുകാർ കാർ തടഞ്ഞതോടെയാണ് സംഭവങ്ങൾക്കു തുടക്കം. കാർ നിർത്തി പുറത്തിറങ്ങിയപ്പോഴും പെണ്‍കുട്ടി നിലവിളിക്കുന്നുണ്ടായിരുന്നു.
ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ നാട്ടുകാരുടെ മുന്നിൽ വച്ച് വീണ്ടും മർദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിൽ വാക്കേറ്റം ഉണ്ടായി.
താൻ വക്കീലാണെന്നും മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ മകനാണെന്നും ഇയാൾ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു. നാട്ടുകാർ കൂടിയതോടെ ഇയാൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.
ഇതിനിടെ ഇവിടെ എത്തിയ രണ്ടു യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തി. എന്നാൽ നാട്ടുകാർ സമ്മതിച്ചില്ല. നാട്ടുകാർ തന്നെ പോലീസിൽ വിവരം അറിയിച്ചു.
മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പോലീസെത്തി യുവാവിനെയും പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
അശോകിന്റെ അടുത്ത സുഹൃത്താണ് പത്തനംത്തിട്ട സ്വദേശിനിയും ടെക്നോപാർക്കിലെ ഒരു കന്പനിയിലെ ജീവനക്കാരിയുമായ യുവതി. യുവതിയെ കാണുന്നതിനായി യുവതി താമസിക്കുന്ന സ്ഥലത്തെത്തിയതാണ് സുഹൃത്തായ അശോക്.
നന്നായി മദ്യപിച്ചാണ് അശോക് യുവതി താമസിക്കുന്ന സ്ഥലത്തെത്തിയത്. തുടർന്ന് ഇതേചൊല്ലി ഇരുവരും കാറിനുള്ളിലിരുന്ന് വാക്ക്തർക്കം ആരംഭിച്ചു.
ഇതേതുടർന്നാണ് അശോക് യുവതിയെ മർദിച്ചത്. കാറിനുള്ളിൽ നിന്നും യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ കൂടിയത്. തുടർന്ന് സ്കൂട്ടർ കുറുകെ നിർത്തി നാട്ടുകാരിലൊരാൾ കാർ തടയുകയായിരുന്നു. അശോകിന്റെ അറസ്റ്റ് മ്യൂസിയം പോലീസ് രേഖപ്പെടുത്തി.
യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചപ്പോൾ തടഞ്ഞതാണ് സംഭവങ്ങൾക്ക് കാരണമെന്നു പോലീസ് പറയുന്നു. ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കി. പൊതു സ്ഥലത്തു ബഹളമുണ്ടാക്കൽ,
സ്ത്രീകൾക്കെതിരെയുള്ള ആക്രമണം, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.