വി.എസ്. ഉമേഷ്
ചിലർക്ക് പാട്ട് തപസ്യയും ചിലർക്ക് ഉപജീവനമാർഗവും ചിലർക്കത് നേരന്പോക്കുമായിരിക്കാം…
എന്നാൽ തെരുവോരങ്ങളിൽനിന്ന് അഭിലാഷ് ആട്ടായം എന്ന ഗായകൻ പാടിത്തീരുന്പോൾ രോഗാതുരരായ ഒരുപാടു പേർക്കും അതു സ്നേഹസാന്ത്വനമാകുന്നു, പ്രതീക്ഷകളുടെ അത്താണിയുമാകുന്നു.
അഭിലാഷ് ഇങ്ങനെയാണ്…ആരെയെങ്കിലും സഹായിക്കാനാണെന്നു കേട്ടാൽ പിന്നെ അതിനുവേണ്ടി ഉഴിഞ്ഞുവച്ചുള്ള പ്രവർത്തനം.
ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി പേർക്കു വേണ്ടി ഇങ്ങനെ പാട്ടുപാടിക്കഴിഞ്ഞു അഭിലാഷ്. “ജനുവിൻ കേസെന്നു’ തോന്നിയാൽ അഭിലാഷിന്റെ ആലാപനം തെരുവോരങ്ങളിൽ അനർഗനിർഗളമായി പ്രവഹിക്കും.
രോഗിക്കുള്ള സാന്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യം. അവരുടെ കുടുംബക്കാർ എന്തെങ്കിലും നല്കിയാൽ വാങ്ങുമെന്നു മാത്രം.
ഈയടുത്ത് കാൻസർ രോഗബാധിതയായ മൂവാറ്റുപുഴ സ്വദേശിനി ആശ്രയ എന്ന കുട്ടിക്കായി രാവിലെ മുതൽ വൈകുന്നേരം വരെ ഗാനങ്ങൾ ആലപിച്ചു.
അതിൽ ഗാനഗന്ധർവന്റെ മുതൽ കലാഭവൻ മണിയുടെ വരെ പാട്ടുകളുണ്ടായിരുന്നു. കലാഭവൻ മണിയോട് പ്രത്യേക ആരാധനയുള്ളതിനാൽ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് കുറച്ച് പ്രാമുഖ്യം കൂടുമെന്നു മാത്രം.
കലാഭവൻ മണിയും മാമുക്കോയയും
കുടുംബം കഴിയുന്നതും ഇതുപോലെ മറ്റൊരു തെരുവു പെർഫോർമൻസ് വഴിയാണ്. കടകളുടെയും ഉത്പന്നങ്ങളുടെയും മറ്റും പരസ്യനോട്ടീസുകൾ തെരുവോരങ്ങളിൽ നിന്നും മറ്റും വിവിധ നടന്മാരുടെയടക്കം ശബ്ദത്തിൽ വിളിച്ചുപറഞ്ഞ് ഉപഭോക്താക്കളെ ആകർഷിച്ചു കച്ചവടം കൂട്ടും.
നിമിഷനേരം കൊണ്ട് കലാഭവൻ മണിയും മാമുക്കോയയും ജനാർദനനുമെല്ലാം ആ തൊണ്ടയിൽ കൂടി ഒഴുകും.
ഇതിനൊപ്പം വിവിധ താരങ്ങളുടെ ശബ്ദങ്ങളിലൂടെ വിവിധ കടകളുടെയും ഉത്പന്നങ്ങളുടെയും പരസ്യങ്ങളും വിളിച്ചു പറഞ്ഞും ജനങ്ങളെ ആകർഷിക്കുന്നു.
നോട്ടീസ് വിതരണത്തിനൊപ്പം താരങ്ങളുടെ ശബ്ദം കൂടിയാകുന്പോൾ ചെലവേറുമെന്ന് അഭിലാഷിന്റെ സാക്ഷ്യപത്രം.
ഇതിലൂടെയുള്ള വരുമാനത്തിലാണ് അഭിലാഷും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടംബം ജീവിക്കുന്നത്. പിന്നെ സിനിമയിലെ ചെറിയ വേഷങ്ങളിലായി ആരംഭിച്ചിട്ടുള്ള അഭിനയവും.
ടിവി ഷോകളിലും താരം
മനോജ് ഗിന്നസിന്റെ കൂടെ ഓഡിയോ കാസറ്റിൽ ശബ്ദാനുകരണത്തിലൂടെയാണ് അഭിലാഷ് കലാരംഗത്തെത്തിയത്. കോമഡി ഉത്സവം, കോമഡി സ്റ്റാർസ്, തകർപ്പൻ കോമഡി, കോമഡി മസാല, കോമഡി മാസ്റ്റർ, സെൽമി ദ ആൻസർ, ഫ്ളവേഴ്സ് ഒരുകോടി തുടങ്ങി നിരവധി ടിവിഷോകളിൽ പ്രത്യക്ഷപ്പെട്ടു.
ചാലക്കുടിക്കാരൻ ചങ്ങാതി, തൃശൂർ പൂരം, ഒരു കടന്നൽകൂട്, വെടിക്കെട്ട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നിരവധി ആൽബങ്ങൾക്ക് പാട്ടുമെഴുതി.
കാസർഗോഡ് ഭീമനടി സ്വദേശിനി അനിത ജിബീഷ് എന്ന സുഹൃത്താണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഒപ്പമുള്ളത്.
അഭിലാഷ് പാട്ട് പാടുന്പോൾ കേൾവിക്കാരിൽ നിന്നും പണം സ്വരൂപിക്കുന്നതിനു അനിത മുന്പന്തിയിൽ നിൽക്കും.
ഭർത്താവിന്റെ ചികിത്സാർഥം ഫണ്ട് സ്വരൂപിക്കാൻ അഭിലാഷിനൊപ്പം എത്തിയതാണ് ഇവർ. പിന്നീട് അഭിലാഷിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായി. നിലവിൽ അനിതയും അഭിനയകാര്യത്തിൽ സജീവമാകാനുള്ള ശ്രമത്തിലാണ്.
മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി കോർമല പുത്തൻപുരയ്ക്കലിൽ അഭിലാഷിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഭാര്യ ലിനിയും മക്കളായ അഭിരാജും അഭിരാഗും അഭിരാമിയമുണ്ട്. 25 വർഷത്തോളമായി കലാരംഗത്ത് സജീവമാണ് അഭിലാഷ്.