കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളെ സംബന്ധിച്ച വിവരം പോലീസിനു ലഭിച്ചതായി സൂചന. കേസിൽ നിർണായകമായേക്കാവുന്ന അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിൽനിന്നു ലഭിക്കുന്ന വിവരം.
കേസിൽ ഇതുവരെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നും സംഭവത്തിൽ പങ്കുള്ളതായി സംശയിച്ച് കസ്റ്റഡിയിലെടുത്തവരിൽനിന്നും ഉൾപ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കൂടുതൽ പ്രതികളെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്കു ലഭിച്ചത്.
ഇന്നലെ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് മട്ടാഞ്ചേരി സ്വദേശി അനസ് ഉൾപ്പെടെ കേസിൽ ഇതുവരെ ഏഴുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇനി പിടിയിലാകാനുള്ള പ്രതികളിൽ ഭൂരിഭാഗംപേരും എസ്ഡിപിഐ-കാന്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നു പോലീസ് പറഞ്ഞു. കൂടാതെ ഇവർക്കു സഹായം ചെയ്തുകൊടുത്തവരും അറസ്റ്റിലാകും. ഒളിവിൽ കഴിഞ്ഞുവരുന്ന കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മഹാരാജാസ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദിനെ ഉൾപ്പെടെയുള്ളവരെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്കു ലഭിച്ചതായാണു സൂചന.
ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. മുഹമ്മദിനെ ഫോണിൽ ബന്ധപ്പെട്ട ഒരാളെ ആലപ്പുഴയിൽനിന്ന് ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നുവെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
ഹാദിയ വിഷയത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്കു നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്ന അനസിനെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണു കൊലക്കേസിൽ ഇയാളുടെ പങ്ക് തെളിഞ്ഞത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കിയേക്കും.
മുഖ്യപ്രതി കണ്ണൂരിലോ ?
കണ്ണൂർ: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കായി റെയ്ഡ് തുടരുന്നു. കേസിലെ മുഖ്യപ്രതി കണ്ണൂരിൽ തന്നെയാണെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ജില്ലയിൽ പരിശോധന ശക്തമാക്കിയത്. ഇരിട്ടി, കൂത്തുപറന്പ്, പാപ്പിനിശേരി ഭാഗങ്ങളിലാണ് റെയ്ഡ്.
ഇന്നലെ മാത്രം നഗരത്തിൽ ഇരുപത് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് മുൻകരുതലായി അറസ്റ്റ് ചെയ്തു. ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കണ്ണൂർ നഗരത്തിൽ റെയ്ഡിനു നേതൃത്വം നൽകുന്നത്.
തായത്തെരു, ചാലാട്, സിറ്റി, അതിരകം, കണ്ണൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നാണ് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ കേന്ദ്രങ്ങളിൽ നിന്നും രഹസ്യമായി സൂക്ഷിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.