യേശുദാസിനെപ്പോലൊരാളെ അനുകരിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത്! എന്റെ സ്വരം ഇങ്ങനെയായതിന് ഞാനെന്ത് ചെയ്യും; സംസ്ഥാന അവാര്‍ഡുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഗായകന്‍ അഭിജിത്ത് വിജയന്‍ ചോദിക്കുന്നു

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ഗായകനുള്ള അവാര്‍ഡ് നേടിയത്, മായാനദി എന്ന ചിത്രത്തിലെ മിഴിയില്‍ നിന്നും മിഴിയിലേക്ക് എന്ന ഗാനമാലപിച്ച ഷഹബാസ് അമനാണ്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനമൊക്കെ കഴിഞ്ഞ് ജൂറി അംഗമായിരുന്ന ജെറി അമല്‍ദേവ് വെളിപ്പെടുത്തിയതനുസരിച്ച് ശരിക്കും അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് അഭിജിത്ത് വിജയന്‍ എന്ന ഗായകനാണ്.

എന്നാല്‍ യേശുദാസിന്റെ ശബ്ദവുമായി അഭിജിത്തിന്റെ ശബ്ദത്തിനുണ്ടായിരുന്ന സാമ്യം അദ്ദേഹം യേശുദാസിന്റെ ശബ്ദത്തെ അനുകരിക്കുകയായിരുന്നോ എന്ന് സംശയം ജനിപ്പിച്ചു എന്നും അതുകൊണ്ട് പുരസ്‌കാരം ഷഹബാസിലേയ്ക്ക് പോകുകയായിരുന്നുവെന്നുമാണ് ജെറി അമല്‍ദേവ് പറഞ്ഞത്.

വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍മീഡിയകളിലടക്കം ഇത് ചര്‍ച്ചയാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഒരു മാധ്യമത്തോട് ഈ വാര്‍ത്തയെക്കുറിച്ചുള്ള തന്റെ പ്രതികരണം അറയിച്ചിരിക്കുകയാണ് അഭിജിത്ത്. അഭിജിത്തിന്റെ വാക്കുകള്‍ …

എനിക്ക് അവാര്‍ഡ് കിട്ടിയില്ല, അല്ലെങ്കില്‍ അത് അവസാന റൗണ്ടില്‍ ഇങ്ങനെയൊരു കാരണത്താല്‍ പിന്തള്ളപ്പെട്ടു എന്നതൊന്നും എനിക്കൊരു തരത്തിലും ദുംഖമുണ്ടാക്കുന്ന കാര്യമല്ല. അര്‍ജുനന്‍ മാസ്റ്റര്‍ ഒരു പാട്ട് പാടിക്കാന്‍ എന്നെ വിളിച്ചു എന്നതു തന്നെ എനിക്ക് കിട്ടിയ അവാര്‍ഡാണ്. ഇത്രയും വര്‍ഷം സംഗീത രംഗത്ത് സജീവമായിരുന്ന അര്‍ജുനന്‍ മാസ്റ്ററിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. ആ ചിത്രത്തിലെ പാട്ടാണ് ഞാന്‍ പാടിയത്.

അത് എന്റെ സുകൃതം. അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ മാസ്റ്ററിനെ വിളിച്ച് സംസാരിക്കാനായി. അത് എന്റെ ഭാഗ്യമാണ്. എന്നെ നിരാശപ്പെടുത്തിയത് ഒറ്റ കാര്യമേയുള്ളൂ. ഞാന്‍ യേശുദാസ് സാറിനെ അനുകരിക്കാന്‍ ശ്രമിച്ചുവെന്ന വിലയിരുത്തല്‍. അദ്ദേഹത്തെ പോലൊരാളെ അനുകരിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് ?

അഥവാ അങ്ങനെ ശ്രമിച്ചാല്‍ തന്നെ അര്‍ജുനന്‍ മാസ്റ്ററിനെ പോലൊരാള്‍ അത് തിരിച്ചറിയില്ലേ ? അദ്ദേഹം അതിന് അനുവദിക്കുമോ ? അത് തിരിച്ചറിയാനുള്ള പ്രതിഭ അര്‍ജുനന്‍ മാസ്റ്ററിനില്ലേ ? യേശുദാസ് സര്‍ പാടുമ്പോഴെന്നല്ല സംസാരിക്കുന്നതു തന്നെ കേട്ടിരുന്നാല്‍ മതിവരില്ല. അത്രയ്ക്ക് ഭാവവും ആഴവും താളവുമുണ്ട് ആ വര്‍ത്തമാനത്തിന്.

അങ്ങനെയുള്ളൊരാളെ അനുകരിക്കാന്‍ മാത്രം കഴിവൊന്നും എനിക്കില്ല. എന്റെ പാട്ട് കേട്ടിട്ടുള്ളവരാണ് എന്റെ സ്വരം യേശുദാസ് സാറിന്റേതുപോലാണെന്ന് പറഞ്ഞിട്ടുളളത്. എന്റെ സ്വരം ഇങ്ങനെയായിതിന് ഞാനെന്ത് ചെയ്യാനാണ്. എന്നെ സംബന്ധിച്ച് സിനിമയിലൊരു പാട്ടു പാടാന്‍ കഴിയുന്നതു തന്നെ വലിയ കാര്യമാണ്.

പാട്ടൊക്കെ പഠിക്കാനൊരു സാഹചര്യമൊന്നും ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. പാട്ട് പഠിച്ചിട്ടുമില്ല. എന്റെ സ്വപ്നങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളാണ് സംസ്ഥാന പുരസ്‌കാരവും മറ്റും. എന്റെ പേര് പരിഗണിക്കപ്പെട്ടുവെന്നതു തന്നെ എന്നെ സംബന്ധിച്ച് അവാര്‍ഡാണ്. അഭിജിത്ത് പറയുന്നു.

 

Related posts