സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങള് ഉടലെടുക്കാറുള്ളതാണ്. ഇത്തവണ മികച്ച ഗായകനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്. എന്നാല് ആ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂറി ചെയര്മാന്. യേശുദാസുമായുള്ള ശബ്ദ സാമ്യത്തിന്റെ പേരില് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ചുവെന്ന വിവാദത്തില് പ്രതികരണവുമായി ജൂറി ചെയര്മാന് ടി.വി ചന്ദ്രനും ജൂറി അംഗം മനോജ് കാനയുമാണ് രംഗത്തെത്തിയിരിക്കുന്നത്.
യേശുദാസുമായുള്ള ശബ്ദസാമ്യത്തിന്റെ പേരില് യുവ ഗായകന് അഭിജിത്ത് വിജയന് അവാര്ഡ് നിരസിച്ചുവെന്നായിരുന്നു വാര്ത്ത. ഇതേതുടര്ന്ന് ഷഹബാസ് അമന് മികച്ച ഗായകനുള്ള പുരസ്കാരം നല്കുകയായിരുന്നുവെന്നും റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. എന്നാല് ഭയാനകം എന്ന ചിത്രത്തില് അഭിജിത്ത് വിജയന് പാടിയ കുട്ടനാടന് കാറ്റു ചോദിക്കുന്നു എന്ന ഗാനം കേട്ടപ്പോള് അഭിജിത്തിന് യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം ചര്ച്ചയായിരുന്നുവെന്ന് ജൂറി ചെയര്മാന് സ്ഥിരീകരിച്ചു. അതിനപ്പുറം അവാര്ഡ് നിര്ണ്ണയത്തില് ശബ്ദസാമ്യം നെഗറ്റീവ് പോയിന്റായി കണക്കാക്കിയിട്ടില്ലെന്ന് ടി.വി ചന്ദ്രന് വെളിപ്പെടുത്തി.
ഇത്തരം ചര്ച്ചകള് അവാര്ഡ് ലഭിച്ച ഗായകനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ടി.വി ചന്ദ്രനും മനോജ് കാനയും പറഞ്ഞു. ജൂറി അംഗമായ സംഗീത സംവിധായകന് ജെറി അമല്ദേവിനെയാണ് പാട്ടുകള് തെരഞ്ഞെടുക്കാന് നിയോഗിച്ചത്. അദ്ദേഹം തെരഞ്ഞെടുത്തവ എല്ലാവരും കൂടി കേള്ക്കുകയായിരുന്നു. ഒടുവില് മായാനദി എന്ന ചിത്രത്തിലെ മിഴിയില് നിന്നും മിഴിയിലേക്ക് എന്ന ഗാനം പാടിയ ഷഹബാസ് അമനെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരുപാട് സമയമെടുത്താണ് സംഗീത അവാര്ഡുകള് നിര്ണ്ണയിച്ചതെന്നും ടി.വി ചന്ദ്രന് പറഞ്ഞു.