ഭാഗ്യമില്ലായ്മ ജീവിതത്തിലേക്ക് തൊക്കെ രൂപത്തില്‍ കടന്നുവരുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. അങ്ങനെയായിരുന്നില്ലെങ്കില്‍ കപ്പിനും ചുണ്ടിനുമിടയില്‍ മികച്ച ഗായകനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് അഭിജിത്ത് വിജയന്‍ എന്ന യുവ ഗായകന് നഷ്ടമാവില്ലായിരുന്നു. അവാര്‍ഡ് നഷ്ടമാവാനുണ്ടായ കാരണമാണ് വിചിത്രമായിരിക്കുന്നത്.
മികച്ച ഗായകനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന റൗണ്ടില്‍ എത്തിയത് മായാനദി എന്ന ചിത്രത്തിലെ ഷഹബാസ് അമന്‍ പാടിയ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനവും ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനവുമാണ്.
എന്നാല്‍ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന പാട്ട് യേശുദാസ് പാടിയതാണെന്നായിരുന്നു ജൂറി അംഗങ്ങളുടെ ധാരണ. കാരണം യേശുദാസിന്റെ ശബ്ദവുമായി അത്രയ്ക്ക് സാമ്യമായിരുന്നു അഭിജിത്തിന്റെ സ്വരത്തിന്. വിധി നിര്‍ണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങള്‍ക്ക് മനസ്സിലാകുന്നത്. അഭിജിത്ത് യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാര്‍ഡ് ഷഹബാസ് അമന് നല്‍കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമല്‍ദേവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിജിത്തിന്റെ ഗാനം വളരെ മനോഹരമായിരുന്നു. എന്നാല്‍ അദ്ദേഹം ശബ്ദത്തില്‍ യേശുദാസിനെ അനുകരുക്കുകയാണെന്ന് സംശയം തോന്നി. ഒരു ഗായകന്‍ അയാളുടെ ശരിക്കുള്ള സ്വരത്തിലാണം പാടാന്‍ എന്ന അഭിപ്രായം പൊതുവേ ഉള്ളതാണ്. സ്വാഭാവികമായ സാമ്യമാണെന്ന് കരുതിയാല്‍പ്പോലും യേശുദാസ് ഉപയോഗിക്കാറുള്ള ചില ‘സംഗതികള്‍’ അതേ പടി പകര്‍ത്താന്‍ അഭിജിത്ത് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തിയതായും ജെറി അമല്‍ദേവ് പറയുന്നു.