ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇരു വൃക്കകളും തകരാറിലായ അഭിജിത്ത് എന്ന ബാലന്‍ നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്ന ചോദ്യത്തിന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കാണണം, അദ്ദേഹത്തെ കെട്ടിപ്പിടിക്കണം എന്ന് പറയുന്നത്.
കാണുന്നവരുടെയെല്ലാം കണ്ണു നനയിച്ചുകൊണ്ടാണ് ആ വീഡിയോ പ്രചരിച്ചത്. കുഞ്ഞിന്റെ ആഗ്രഹം കേട്ട എല്ലാവരും, മോഹന്‍ലാലിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുന്നതിനുവേണ്ടി വീഡിയോ പരമാവധി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വാര്‍ത്ത കണ്ടറിഞ്ഞ സാക്ഷാല്‍ മോഹന്‍ലാല്‍ അഭിജിത്തിനെ കാണാന്‍ എത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് വച്ചാണ് മോഹന്‍ലാല്‍ അഭിജിത്തിനെയും കുടുംബത്തെയും കണ്ടത്. അഭിജിത്തിന്റെ ചികിത്സയ്ക്കായി സഹായം നല്‍കാനുള്ള ഏര്‍പ്പാടും മോഹന്‍ലാല്‍ ചെയ്തുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
മോഹന്‍ലാലിനെ കാണിച്ചു തരാമെന്ന് പറഞ്ഞ് അഭിജിത്തിനെയും കുടുംബത്തെയും ആരോ പറ്റിച്ചുവെന്ന തരത്തിലും ഇടയ്ക്ക് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് മോഹന്‍ലാലിനെ കാണാനുള്ള അവസരം ഒരുക്കുമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തെത്തി.
അഭിജിത്തിന്റെ ചികിത്സയ്ക്ക് വന്‍തുക ആവശ്യമാണ്. വൃക്ക ദാനം ചെയ്യാന്‍ അച്ഛന്‍ തയ്യാറാണ്. പക്ഷേ അതിന്റെ ചെലവ് താങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഈ കുടുംബം. വൃക്ക മാറ്റിവയ്ക്കുന്നതിന് മുന്‍പ് മൂത്രസഞ്ചിയ്ക്ക് ഒരു ഓപ്പറേഷന്‍ ചെയ്യണം. ഓപ്പറേഷന് ആകെ 15 ലക്ഷം രൂപ ചെലവുവരും. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് അഭിജിത്ത്.
തന്റെ രോഗത്തിന്റെ ഗൗരവമൊന്നും ഈ കുട്ടിക്ക് അറിയില്ല. മോഹന്‍ലാലിനെ നേരില്‍ കാണണം എന്നത് അവന്റെ വലിയ ആഗ്രഹമായിരുന്നു. ആരാധകരില്‍ നിന്നാണ് അഭിജിത്തിന്റെ അവസ്ഥ മോഹന്‍ലാല്‍ അറിയുന്നത്. തിരുവനന്തപുരത്ത് എത്തുന്ന ദിവസം കാണാമെന്ന് അദ്ദേഹം വാക്കുപറയുകയും ചെയ്തിരുന്നു.