അര്‍ഹിക്കുന്നവരെ തേടി അംഗീകാരം എത്തുക തന്നെ ചെയ്യുമെന്നത് ഭാരമില്ലാത്തവയ്ക്കേ ഉയരത്തില്‍ പറക്കാന്‍ സാധിക്കൂ എന്ന ചൊല്ലിനെ സാധൂകരിക്കുന്ന വസ്തുതയാണ്. അതിന് പുതിയ ഉദാഹരണമാവുകയാണ് യേശുദാസിനെ അനുകരിച്ച് പാടുന്നു എന്ന ആക്ഷേപത്തിനും വിമര്‍ശനത്തിനും ഇരയായിട്ടുള്ള ഗായകന് അഭിജിത്ത് വിജയന്. യേശുദാസിനെ അനുകരിച്ച് പാടിയെന്നതിന്റെ പേരിലാണ് അഭിജിത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് പോലും നിഷേധിക്കപ്പെട്ടത്. കുറേപ്പേര് കുറ്റപ്പെടുത്തി സംസാരിച്ചപ്പോഴും സോഷ്യല്‍മീഡിയയിലൂടെയും മറ്റും നിരവധിയാളുകള്‍ അഭിജിത്തിന് പിന്തുണയും അറിയിച്ചിരുന്നു.
സ്വന്തം നാട്ടുകാര്‍ അനാവശ്യമായി കുറ്റപ്പെടുത്തിയെങ്കിലും ഇപ്പോഴിതാ അഭിജിത്തിനെ തേടി അര്‍ഹിച്ച അംഗീകാരം എത്തിയിരിക്കുന്നു. സംസ്ഥാനത്തുനിന്ന് പുരസ്കാരം കിട്ടിയില്ലെങ്കിലെന്താ അന്താരാഷ്ട്ര പുരസ്കാരമാണ് അഭിജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. അഭിജിത്ത് വിജയന് ആശംസകള്‍ നേരുന്ന തിരക്കിലാണ് ആരാധകരും സോഷ്യല്‍ ലോകവും. അവാര്‍ഡ് വാര്‍ത്ത നടന് ജയറാം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്ത് നേടിയത്.
സന്തോഷവാര്‍ത്ത അഭിജിത്തും ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചിരുന്നു. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് നിറകണ്ണുകളോടെ അഭിജിത്ത് പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഈ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി അഭിജിത്ത് പാടിയത്.