നിലന്പൂർ: രാജ്യാന്തര ഹിച്ച് ഹൈക്കിംഗിന് (ലിഫ്റ്റ് ചോദിച്ച് വാഹനങ്ങളിൽ കയറി യാത്രചെയ്യുന്ന സന്പ്രദായം) പുറപ്പെട്ട് നിലന്പൂർ സ്വദേശിയായ യുവാവ്.
രണ്ടാം വർഷ ബിരുദ വിദ്യാർഥി നിലന്പൂർ ചന്തക്കുന്ന് നെടുംപാറ അൻഷിഫാണ് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിലൂടെ ഹിച്ച് ഹൈക്കിംഗിന് പുറപ്പെട്ടത്.
കോവിഡ് അതിജീവന സന്ദേശമുയർത്തി രാജ്യത്തിന്റെ ഗ്രാമങ്ങളെ തൊട്ടറിയുക, സാഹസിക യാത്ര സാധാരണക്കാർക്ക് അപ്രാപ്യമല്ലന്ന് തെളിയിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നിലന്പൂർ ചന്തക്കുന്ന് നെടുംപാറ ഷെഹീർ-സാജിത ദന്പതികളുടെ മകനും തൃശൂർ എസ്എൻജിസി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയുമായ അൻഷിഫിന്റെ യാത്ര.
കഴിഞ്ഞ അഞ്ചു വർഷമായി ഇതിന്റെ ഒരുക്കത്തിലായിരുന്നുവെന്ന് അൻഷിഫ് പറയുന്നു.
കാൽനടയായും ചരക്ക് വാഹനങ്ങളിലൂടെയും അല്ലാതേയും മറ്റുമായി 29 സംസ്ഥാനങ്ങളിലൂടെയും ഭൂട്ടാൻ, നേപ്പാൾ രാജ്യങ്ങളിലൂടെയും മൂന്നുമാസം കൊണ്ട് യാത്ര പൂർത്തിയാക്കി മടങ്ങുകയാണ് ലക്ഷ്യം.
പഠനത്തിനിടെ ചെറിയ തൊഴിലുകൾ ചെയ്ത് സന്പാദിച്ച തുച്ചമായ സംഖ്യ മാത്രമാണ് യാത്രയ്ക്കായി കരുതിയിരിക്കുന്നത്.
ഏറ്റവും ചിലവ് കുറഞ്ഞ രീതിയിലൂടെ സ്വപ്ന യാത്ര പൂർത്തിയാക്കുകയാണ് ഈ 18 കാരന്റെ ലക്ഷ്യം.
കേട്ട് പരിചയമുള്ള ഇന്ത്യൻ ഗ്രാമങ്ങളെ നേരിൽ കാണാനും അവിടുത്തെ സംസ്കാരങ്ങൾ സമൂഹമാധ്യമം വഴി പങ്കുവയ്ക്കാനും ഈ യാത്ര ഉപകരിക്കുമെന്ന അൻഷിഫ് പറഞ്ഞു.
ആദ്യം മാതാപിതാക്കൾ അടക്കം എതിർത്തെങ്കിലും തന്റെ ഉറച്ച നിലപാടിനെ അവർ ഒടുവിൽ പിൻതാങ്ങി.
യാത്ര ഏറെ ക്ലേശകരമാണെങ്കിലും ഒരു ചലഞ്ചായി ഈ 18 കാരൻ ഏറ്റെടുത്തു കഴിഞ്ഞു.
ചെറിയ പ്രായത്തിലും വലിയ ദൗത്യം ഏറ്റെടുത്ത് ഇന്ന് രാവിലെ നിലന്പൂർ ചന്തക്കുന്നിൽനിന്ന് യാത്ര തിരിച്ചു.