ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഇന്ദ്രന്‍സ് എന്ന നടന്റെ നേട്ടമാണ് കൂടുതല്‍ തിളങ്ങി നിന്നത്. അനേക പതിറ്റാണ്ടുകളായി മലയാള സിനിമാരംഗത്തുളള അദ്ദേഹത്തിന് അര്‍ഹിച്ച പുരസ്‌കാരമാണ് ആളൊരുക്കം എന്ന സിനിമയിലെ പ്രകടനത്തിന് ലഭിച്ചത്. ഓട്ടന്‍ തുളളല്‍ കലാകാരനായ പപ്പു പിഷാരടിയുടെ ഓര്‍മ്മയില്‍ നിന്നുളള പ്രണയനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമകാലിക പ്രസക്തിയുളള ഒരു ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ പ്രകടനം മികച്ചു നിന്നുവെന്നാണ് ചിത്രം കണ്ട ജൂറിമാര്‍ ഒന്നടങ്കം പറഞ്ഞത്.
പുരസ്‌കാരത്തിളക്കത്തില്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് സഹപ്രവര്‍ത്തകരെല്ലാം രംഗത്തെത്തിയിരുന്നു. ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിച്ച ചിത്രമായ ആളൊരുക്കം സംവിധാനം ചെയ്തത് മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷായിരുന്നു. പുരസ്‌കാര നേട്ടത്തിനു ശേഷം വി സി അഭിലാഷും ഇന്ദ്രന്‍സിനെക്കുറിച്ചും ആളൊരുക്കത്തെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആദ്യമായി ഇന്ദ്രന്‍സിനെ കണ്ടതിനെക്കുറിച്ചുള്ള അനുഭവങ്ങളും താന്‍ എഴുതിയ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷവുമാണ് അഭിലാഷ് തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
പ്രിയപ്പെട്ടവരെ, ഒരു രഹസ്യം പറയട്ടെ ?
ജീവിതത്തില്‍ ഞാന്‍ ആദ്യമായി നേരിട്ട് കണ്ട നടനായിരുന്നു ഇന്ദ്രന്‍സ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ്. എന്റെ നാടായ നെടുമങ്ങാട്ട് കൊല്ലങ്കാവിലെ ഒരു മണിമാളികയില്‍ സിനിമാ ഷൂട്ടിംഗ് നടക്കുന്നു. ഉച്ചയ്ക്ക് ക്ലാസില്‍ കയറാതെ ആ വീടിന്റെ വലിയ മതിലില്‍ പത്ത് നൂറാളുകള്‍ക്കൊപ്പം അള്ളിപ്പിടിച്ച് കയറി ഇരുന്നത് ഓര്‍മയുണ്ട്. ഏറെ നേരം കഴിഞ്ഞപ്പോ അതാ ഒരാളിറങ്ങി വരുന്നു..ആളുകള്‍ ചിരിക്കുന്നു.. ഇന്ദ്രന്‍സ്.. ഇന്ദ്രന്‍സ്.. എന്ന് പിറുപിറുക്കുന്നു.’കൊടക്കമ്പീ’യെന്നും ‘അരളി’വേരേയെന്നും പീക്കിരി പിള്ളേര്‍ വരെ വിളിച്ച് കൂവുന്നു. എന്നാല്‍ റോഡ് ക്രോസ് ചെയ്ത് ഒരു മാരുതി കാറിലേക്ക് കയറും വരെ അയാള്‍ എല്ലാവരെയും നോക്കി ചിരിച്ച് തലയാട്ടുന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.
ഇന്നിപ്പോ,പലവട്ടം വഴുതി മാറിപ്പോയ ഒരു വലിയ പുരസ്‌കാരം എന്റെ പപ്പുപ്പിഷാരടിയിലൂടെ ആ മനുഷ്യന് ആദ്യമായി കിട്ടുമ്പോള്‍ എന്നിലെ ചേതോവികാരം ഞാനെങ്ങനെ പറഞ്ഞറിയിക്കും! എന്നെ വിശ്വസിച്ച് ഈ സിനിമയ്ക്ക് അടിത്തറയൊരുക്കിയ എന്റെ പ്രിയപ്പെട്ട ജോളി സര്‍, വര്‍ഗീസിച്ചായന്‍,ജോസ് ആന്റണിച്ചായന്‍,ബെന്നി ചേട്ടന്‍, നാന്‍സി.. ഈ നല്ല മനുഷ്യരുടെ കുടുബാംഗങ്ങള്‍, ആളൊരുക്കത്തിന്റെ യഥാര്‍ത്ഥ കരുത്തായിരുന്ന എന്റെ ടീമംഗങ്ങള്‍, ഈ സന്തോഷത്തെ സ്വന്തം നേട്ടമായി കണ്ട് ഒപ്പം നില്‍ക്കുന്ന ജനയുഗത്തിലെ ചങ്ക് സഹപ്രവര്‍ത്തകര്‍…
ഓരോ നിമിഷവും എനിക്ക് പ്രോത്സാഹനം നല്‍കുന്ന എന്റെ നെടുമങ്ങാട്ടെ നാട്ടുകാര്‍, കൂട്ടുകാര്‍, സംഘടനകള്‍, സഹപാഠികള്‍, അധ്യാപകര്‍, സോഷ്യല്‍ മീഡിയയിലെ ഞെരിപ്പ് സൗഹൃദങ്ങള്‍, കൂട്ടത്തില്‍ നിന്നൊരാള്‍ക്ക് കിട്ടിയ നേട്ടത്തെ ഹൃദയത്തിലേറ്റി പിന്തുണച്ച മാധ്യമ സുഹൃത്തുക്കള്‍.. കൂടെ നിന്നവരോടും പിന്തുണയ്ക്കുന്നവരോടും ആളൊരുക്കത്തിന്റെ പേരില്‍ നന്ദി പറയുന്നു. ആളൊരുക്കം ഏപ്രിലില്‍ തീയേറ്ററിലേക്ക് എത്തുമെന്ന് കൂടി അറിയിക്കട്ടെ..എല്ലാവരും സിനിമ ആദ്യ ദിവസം കാണാന്‍ ശ്രമിക്കുമെന്ന പ്രതീക്ഷയോടെ, വിനയപൂര്‍വ്വം – വി സി അഭിലാഷ്