കൽപ്പറ്റ: മുൻകാലങ്ങളിൽ നിന്നു വിഭിന്നമായി വയനാട്ടിൽ പുൽകൃഷി നടത്തുന്നവരുടെ എണ്ണത്തിൽ വൻവർധന.
ക്ഷീരമേഖലയുമായി ബന്ധപ്പെട്ടു നേരത്തെ സ്വന്തം ആവശ്യത്തിനായിരുന്നു പുല്ല് നട്ടുവളർത്തിയിരുന്നതെങ്കിൽ ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ കൃഷി ചെയ്തുവരുന്നവർ നിരവധിയാണ്.
സിഒ ഫോർ, സിഒ ഫൈവ് ഇനങ്ങൾക്ക് പിന്നാലെ സിഒ ത്രീ പുല്ലിനം കൂടിയെത്തിയതോടെയാണു ജില്ലയിൽ പുൽകൃഷി വർധിച്ചത്.
രണ്ടുവർഷമായി ഈയിനം പുല്ലുകളെയെല്ലാം പിന്തള്ളി തായ്ലൻഡ് സൂപ്പർ നേപ്പിയർ എന്ന ഇനമാണ് കൂടുതലായി കൃഷി ചെയ്തുവരുന്നത്.
ഒരുപാടുഗുണങ്ങളുള്ള പുല്ലിനമാണിതെന്ന് തായ്ലൻഡ് സൂപ്പർ നേപ്പിയർ കൃഷി ചെയ്യുന്ന ക്ഷീരകർഷകനായ കേണിച്ചിറ അതിരാറ്റുകുന്ന് പുന്നത്താനത്ത് പി.എസ്. അഭിലാഷ് പറയുന്നു.
വിവിധ സ്ഥലങ്ങളിലായി ആറേക്കറോളം സ്ഥലത്ത് അഭിലാഷ് ഈ പുല്ല് കൃഷി ചെയ്തുവരുന്നുണ്ട്. ഏറെ പ്രചാരമുണ്ടായിരുന്ന സി ഒ ത്രീ 12 ടണ്‍ പുല്ലാണ് ഒരു ഏക്കർ നിന്നു ലഭിക്കുന്നതെങ്കിൽ സൂപ്പർ നേപ്പിയറിൽ 22 ടണ്‍ ലഭിക്കും.
പ്രോട്ടീനും ജലാംശവും കൂടുതലുള്ളതിനാൽ സൂപ്പർ നേപ്പിയർ പശുക്കൾക്ക് നൽകിയാൽ പാലുൽപാദനത്തിലും വർധനയുണ്ടാകുമെന്നാണ് അഭിലാഷ് പറയുന്നത്. സ്വന്തമായി ഫാമുള്ള അഭിലാഷ് പ്രതിദിനം 230 ലിറ്റർ വരെ പാലാണ് അളന്നുവരുന്നത്.
നിരവധി പശുക്കളുണ്ടായിരുന്നതിനാൽ തീറ്റ വലിയ വിഷയമായിരുന്നു. അങ്ങനെയാണ് സ്വന്തം നിലയിൽ പുൽകൃഷി ആരംഭിക്കുന്നത്.
സ്വന്തം ആവശ്യത്തിനായിരുന്നു ആദ്യമെല്ലാം പുൽകൃഷി നടത്തിയിരുന്നതെങ്കിൽ പിന്നീട് ക്ഷീരകർഷകർ അനുഭവിക്കുന്ന പുൽക്ഷാമം തിരിച്ചറിഞ്ഞ് വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ഇപ്പോൾ സ്വന്തം ആവശ്യത്തിനുള്ളതു കഴിഞ്ഞാൽ ബാക്കിയുള്ളവ വിൽക്കാറാണ് പതിവ്. അതിർത്തി ജില്ലകളായ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം പുല്ലിനായി ആളുകളെത്തുന്നുണ്ടെന്നും അഭിലാഷ് പറയുന്നു.
നടീൽ ആവശ്യത്തിനായി പുല്ലിന്റെ തണ്ടിനായി തൃശൂർ അടക്കമുള്ള ദൂരെ ജില്ലകളിലേക്കും കൊണ്ടുപോകുന്നുണ്ട്.
സൂപ്പർ നേപ്പിയർ ഇനത്തിന് ആവശ്യക്കാരേറിയതോടെ പഴയത് മാറ്റി നടത്തുന്നതിനായി ഇവിടെ നിന്നും പുൽതണ്ട് കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രണ്ട് മുട്ട് കൂടുന്ന ഒരു തണ്ടിന് ഒരു രൂപ എന്ന നിരക്കിലാണ് പുൽത്തണ്ട് വിൽക്കുന്നത്. പച്ചപ്പുല്ലിനാണെങ്കിൽ കിലോയ്ക്ക് രണ്ടര രൂപ നിരക്കിലാണ് വെട്ടി വണ്ടിയിൽ കയറ്റിക്കൊടുക്കുന്നത്.
സ്വന്തമായി ഫാമുള്ളവർക്ക് പുൽകൃഷി വലിയ ലാഭകരമല്ലെങ്കിലും സ്വന്തം ആവശ്യം കഴിഞ്ഞുള്ളതു വിറ്റാൽ മറ്റ് ആവശ്യങ്ങൾക്കള്ള പണം ഇതിലൂടെ കണ്ടെത്താൻ സാധിക്കും.
വയനാട്ടിൽ ഏതാനം വർഷം മുന്‍പുതന്നെ മിൽമ വഴി സബ്സിഡി നിരക്കിൽ പുല്ല് വിൽപ്പന നടത്തിവരുന്നുണ്ട്. ക്ഷീരസംഘങ്ങൾ വഴി മുൻകൂട്ടി നൽകുന്ന ഓർഡർ പ്രകാരമാണ് പുല്ല് ലോഡ് കയറ്റിവിടുന്നത്.
വയനാട്ടിൽ ഏറ്റവുമധികം പുൽകൃഷി വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നതു മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അപ്പാടാണ്. അടുത്തിടെയെത്തിയ മറ്റൊരിനമായ റെഡ് നേപ്പിയറും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.