ടി.ജി.ബൈജുനാഥ്
മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറിലെ മിന്നുംവിജയമാണ് കോട്ടയംകാരൻ അഭിഷേക് രവീന്ദ്രനെ സിനിമയിലെത്തിച്ചത്. ടിവിയിൽ ബെസ്റ്റ് ആക്ടർ കണ്ട് ഇഷ്ടമായ സിബി മലയിൽ അഭിഷേകിനു മുന്നിൽ സിനിമയുടെ വാതിലുകൾ തുറന്നു.
അങ്ങനെ 2009 ൽ ‘അപൂർവരാഗങ്ങ’ളിൽ ആദ്യവേഷം. സ്കൂൾ – കോളജ് വേദികളിൽ മിമിക്രിയിലും മോണാആക്ടിലും നാടകത്തിലുമൊക്കെ പയറ്റിത്തെളിഞ്ഞതിന്റെ പിൻബലം വെള്ളിത്തിരയിൽ തുണയായി.
ടികെഎമ്മിലെ ബിടെക് പഠനത്തിനൊപ്പം ഇതു നമ്മുടെ കഥ, വയലിൻ തുടങ്ങിയ പടങ്ങളിൽ വേഷങ്ങൾ. ചെറിയൊരിടവേളയ്ക്കു ശേഷം ആസിഫ് അലിക്കൊപ്പം ‘കവി ഉദ്ദേശിച്ചതി’ലൂടെ തിരിച്ചുവരവ്.
തുടർന്നു നാം, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, പൊറിഞ്ചു മറിയം ജോസ്, ഒരു കടത്ത്നാടൻകഥ, ഭൂമിയിലെ മനോഹര സ്വകാര്യം തുടങ്ങിയ സിനിമകളിലൂടെ അഭിഷേക് മെല്ലെ ചുവടുറപ്പിച്ചു.
വക്കീലന്മാരുടെ യുവം
നവാഗതനായ പിങ്കുപീറ്റർ കഥയെഴുതി സംവിധാനം ചെയ്ത യുവമാണ് അഭിഷേകിന്റെ പുതിയ സിനിമ. അതിൽ പോൾ വർഗീസ് എന്ന ജൂണിയർ വക്കീലിന്റെ വേഷം. അഴിമതിയെ ചോദ്യം ചെയ്യുന്ന മൂന്നു യുവ വക്കീലന്മാരുടെ കഥയാണു യുവം.
എല്ലാവരെയും ബാധിക്കുന്ന ഒരു സമകാലിക വിഷയം ആക്ഷേപഹാസ്യത്തിന്റെ മേന്പൊടി ചേർത്ത് അവതരിപ്പിക്കുകയാണ്: അഭിഷേക് രവീന്ദ്രൻ പറയുന്നു.
ടീസറും ദിലീഷ് പോത്തനും!
പൊറിഞ്ചുമറിയം ജോസ് തിയറ്ററുകളിലോടുന്ന സമയത്താണ് സംവിധായകൻ പിങ്കുപീറ്റർ അഭിഷേകിനെ യുവത്തിലേക്കു വിളിച്ചത്. ബെസ്റ്റ് ആക്ടറിലെ പെർഫോമൻസിനെക്കുറിച്ചു പറഞ്ഞുകേട്ടിട്ടേയുള്ളൂ, അതൊന്നു ചെയ്തു കാണിക്കാമോ എന്നു സംവിധായകൻ. മടിയേതുമില്ലാതെ അഭിഷേക് വീണ്ടും ബെസ്റ്റ് ആക്ടർ പെർഫോർമറായി.
ആ ഐറ്റം ഇഷ്ട
മായ പിങ്കുപീറ്റർ യുവത്തിന്റെ ചിത്രീകരണത്തിനിടെ അതിന്റെ മറ്റൊരു വേർഷൻ അഭിഷേകിനെക്കൊണ്ടു ചെയ്യിപ്പിച്ചു.
സിനിമാമോഹിയായ ഒരു യുവാവ് ദിലീഷ് പോത്തന്റെ സിനിമയുടെ ഓഡിഷന് അയയ്ക്കാൻ സെൽഫി വീഡിയോ തയാറാക്കുന്നതായിരുന്നു സന്ദർഭം. ആ സീൻ പിന്നീടു യുവത്തിന്റെ ടീസറായി പുറത്തുവന്നു.
മാറ്റത്തിനു വേണ്ടി…
സമൂഹത്തിലെ ചില കാര്യങ്ങളെ ചോദ്യം ചെയ്യണമെന്നും മാറ്റം വരുത്തണമെന്നുമൊക്കെ നമുക്കു ചിലപ്പോൾ തോന്നും. പക്ഷേ, അതിനിറങ്ങിത്തിരിച്ചാൽ ചിലപ്പോൾ നമ്മൾ പ്രതിയാവും.
അതാണു നിലവിലെ സാഹചര്യം. ജൂണിയർ അഭിഭാഷകരായ മൂന്നു സുഹൃത്തുക്കൾ അത്തരമൊരു സാമൂഹിക വിഷയത്തിലേക്കു കടന്നുചെല്ലുന്നതും അവർ നേരിടേണ്ടി വരുന്ന ചില ത്രില്ലിംഗ് സംഭവങ്ങളുമാണ് യുവം. ഛായാഗ്രഹണം സജിത് പുരുഷൻ. ഗോപി സുന്ദറിന്റെ സംഗീതം. ജോണ്‍കുട്ടിയുടെ എഡിറ്റിംഗ്.
മുഖ്യമന്ത്രിയും മന്ത്രിയും
എബി, പോൾ, വിനു – ഇവരാണു യുവത്തിലെ വക്കീൽ സുഹൃത്തുക്കൾ. നിർമൽ പാലാഴിയുടെ കഥാപാത്രം വിനു മടിയനും അലസനുമായ ഒരു ജൂണിയർ അഡ്വക്കേറ്റാണ്. കേസില്ലാവക്കീലാണ്. അമിത് ചക്കാലയ്ക്കലിന്റെ കഥാപാത്രം എബിയാണ് വക്കീ ൽപ്പണിയിൽ സ്മാർട്ട്.
രണ്ടിനും മധ്യേ നിൽക്കുന്ന സ്വഭാവമാണ് അഭിഷേകിന്റെ കഥാപാത്രം പോളിന്. സീനിയർ വക്കീലാകുന്നത് ഇന്ദ്രൻസ്. നെടുമുടി വേണു, സായികുമാർ, കലാഭവൻ ഷാജോണ്‍, ജാഫർ ഇടുക്കി തുടങ്ങിയ സീനിയേഴ്സും യുവത്തിലുണ്ട്. ഇതിൽ മുഖ്യമന്ത്രിയാണ് സായി കുമാർ; ജാഫർ ഇടുക്കി മന്ത്രിയും.
നേരന്പോക്കല്ല, സീരിയസാണേ!
വക്കീൽ സുഹൃത്തുക്കളുടെ നേരന്പോക്കുകളിൽ തുടങ്ങുന്ന യുവം ക്രമേണ സാമൂഹികപ്രതിബദ്ധതയുള്ള ഒരു വിഷയത്തിലേക്ക് എത്തുന്നു.
നമുക്കു വലിയ ദോഷമൊന്നുമില്ലെങ്കിൽ അഴിമതി നടന്നോട്ടെ എന്ന മനോഭാവമാണ് മിക്കവർക്കും. യുവതലമുറ തുനിഞ്ഞിറങ്ങിയാൽ കാലഹരണപ്പെട്ട ഭരണരീതികൾക്കു മാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയാണു യുവം നല്‍കുന്നതെന്ന് അഭിഷേക് പറയുന്നു.
ബ്ലോഗറും ന്യൂസ് റീഡറും
മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന യുവത്വമെന്നൊക്കെ പലരും യുവതലമുറയെ ആക്ഷേപിക്കാറുണ്ട്. വാസ്തവം അതല്ല. യുവാക്കൾക്ക് ഏറെ ഫ്രഷായ ചിന്തകളുണ്ട്.
പഴയ തലമുറ വച്ചുപുലർത്തുന്ന പല മനോഭാവങ്ങളെയും ഇന്നത്തെ യുവത തച്ചുടയ്ക്കുന്ന കാഴ്ചകൾ ‘യുവ’ത്തിലുണ്ട്. അമിത്തിന്റെ കഥാപാത്രം എബി ബ്ലോഗറുമാണ്. പുതുമുഖനായിക ഡയാന ഹമീദിന്റെ കഥാപാത്രം ന്യൂസ് റീഡറാണ്.
ആസിഫ് അലി
തുടക്കകാലത്ത് ആസിഫിനൊപ്പമുള്ള സിനിമ കളായിരുന്നു ഏറെയും. ആസിഫലി സിനിമകളിൽ മാത്രം കാണുന്നയാൾ എന്നു ട്രോൾ പോലും വന്നു. അന്നു പഠനത്തിനൊപ്പം സിനിമയും കൊണ്ടുപോകാൻ സഹായിച്ചത് ആസിഫായിരുന്നുവെന്ന് അഭിഷേക് പറയുന്നു.
പ്രണവ് മോഹൻലാൽ
‘ഇതു നമ്മുടെ കഥ’യ്ക്കുശേഷം അഭിഷേക് മുഴുനീള വേഷം ചെയ്തത് അരുണ്‍ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ. പ്രണവിനൊപ്പമുള്ള വേഷം. ധാരാളം ഡയലോഗുകൾ.
പ്രണവുമായുള്ള സൗഹൃദവും ആ സിനിമയും കരിയറിൽ തുണച്ചുവെന്ന് അഭിഷേക്. അതിനു ശേഷം കൂടുതൽ സീരിയസായ റോളുകൾ തേടിവരുന്നു. ഇപ്പോൾ കീർത്തന മൂവീസിന്റെ വെബ്സീരീസ് ചെയ്യുകയാണ് അഭിഷേക്.
ജോഷിയും മനമറിയുന്നോളും…
ഒരു ജോഷിചിത്രത്തിന്റെയെങ്കിലും ഷൂട്ടിംഗ് നേരിട്ടു കാണണമെന്ന് മോഹിച്ചിരുന്നപ്പോഴാണ് തന്റെ പടത്തിലേക്ക് അഭിഷേകിനെ ജോഷി നേരിട്ടുവിളിച്ചതും ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലെ വേഷം നന്നായി ചെയ്തുവെന്ന് അഭിനന്ദി ച്ചതും.
‘പൊറിഞ്ചുമറിയം ജോസി’ ൽ ജോഷി അഭിഷേകിനു നല്‍കിയത് ആ ന്റോ എന്ന വേഷം. സ്ക്രി പ്റ്റിൽ ആ കഥാപാത്ര ത്തിനു സീനുകൾ കുറവായിരുന്നു.
നന്നായി ചെയ്യുന്നുവെന്നു കണ്ടപ്പോൾ ജോഷി കൂടുതൽ സീനുകളിൽ അഭിഷേകിനെ ഉൾപ്പെടുത്തി. മാളവികയായിരുന്നു അതിൽ അഭി ഷേകിന്റെ പെയർ.
‘മനമറിയുന്നോള്..’എന്ന പാട്ടും ആന്റോയെ ജനങ്ങളിലേക്ക് എത്തിച്ചു. പെണ്‍വീട്ടുകാർ അച്ചനെ പള്ളിയിൽ പൂട്ടിയിടുന്പോൾ ആന്റോ പൊറിഞ്ചുവിന്റെ സഹായം തേടുന്നതും മറിയത്തോടു പണം കടം ചോദിക്കാൻ ആന്റോ വരുന്നതുമായ സീക്വൻസുകൾ പ്രിയപ്പെട്ടതെന്ന്് അഭിഷേക്.
മമ്മൂട്ടി
2009 ൽ ദുബായിൽ നടന്ന ഗ്രാൻഡ് ഫിനാലെയി ലാണ് അഭിഷേക് ഏഷ്യാനെറ്റിന്റെ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറിൽ ജേതാവായത്. ആ പതിനേഴുകാരൻ അന്നു മമ്മൂട്ടിയിൽ നിന്നു പുരസ്കാരം സ്വീകരിച്ചു.
വാട്സാപ്പ് സന്ദേശങ്ങളിലൂടെ ആ ബന്ധം തുടർന്നു. പൊറിഞ്ചു മറിയം ജോസ് ഉൾപ്പെടെയുള്ള പടങ്ങ ളുടെ ട്രയിലറുകളും മറ്റും ഷെയർ ചെയ്തപ്പോൾ മമ്മൂക്കയുടെ അഭിനന്ദന മെസേജുകൾ വന്നിരുന്നുവെന്നും അഭിഷേക്.
നിത്യ, വിജയ് സേതുപതി
കോട്ടയംകാരി ഇന്ദു വി.എസിന്റെ 19 (1) എ എന്ന സിനിമയാണ് അടുത്തിടെ ചെയ്തത്. അതിൽ ചെറിയ വേഷമാണ്. നിത്യാമേനോൻ – വിജയ് സേതുപതി ചിത്രത്തിൽ ഇടം കിട്ടിയതു തന്നെ വലിയ കാര്യം.
പത്തു വർഷത്തിനു ശേഷം നിത്യയുമായി ഒന്നിച്ച് അഭിനയിക്കാൻ അവസരമുണ്ടായി. ‘അപൂർവരാഗങ്ങളി’ൽ തുടങ്ങിയതാണ് ആ സൗഹൃദം. ചെറുതും വലുതുമായ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനുള്ള മനസുണ്ട്. നല്ല സിനിമയുടെ ഭാഗമായാൽ മതി: അഭിഷേക് പറയുന്നു.