ന്യൂഡൽഹി: ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 7.11 ആകുന്പോൾ ഗോൾഡൻ ഗ്ലോബ് റേസ് 200 ദിവസം പിന്നിട്ട് മൂന്നു മണിക്കൂറും 42 മിനിറ്റും 45 സെക്കന്റും കടന്നു പോയിരിക്കുന്നു. ഡച്ചു നാവികനായ മാർക്ക് സ്ലാട്സിന്റെ കൊർണേലിയ എന്ന പായ് വഞ്ചി ആണിപ്പോൾ രണ്ടാംനിരയിൽ മുന്നോട്ടു കുതിക്കുന്നത്.
നാലു മാസം മുന്പ് നടുക്കടലിൽ കാറ്റിലും കോളിലും പെട്ടു പായ്മരം ഒടിഞ്ഞു വീണില്ലായിരുന്നു എങ്കിൽ മലയാളി നാവികൻ അഭിലാഷ് ടോമിയും അദ്ദേഹത്തിന്റെ പായ് വഞ്ചി തുരീയയുമായിരുന്നു ഒരുപക്ഷേ ഇതിനും മുന്പേ സഞ്ചരിക്കേണ്ടിയിരുന്നത്. എങ്കിലും നിരാശയുടെ മഴക്കാറ് മൂടാതെ പ്രതീക്ഷകളുടെ വെളിച്ചത്തിലേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് ഒരു തിരിച്ചുവരവിനു തയാറെടുക്കുകയാണ് അഭിലാഷ് ടോമി.
അപകടത്തിൽ നടുവിനേറ്റ ക്ഷതത്തിൽനിന്നു പൂർണമുക്തനായി ആറു മാസത്തിനുള്ളിൽ സമുദ്ര പര്യടനത്തിനും പരിശീലനങ്ങൾക്കുമായി ഇറങ്ങാമെന്നാണ് അഭിലാഷിന്റെ പ്രതീക്ഷ. കഴിഞ്ഞ സെപ്റ്റംബർ 21നാണ് ഗോൾഡൻ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യൻ പ്രതീക്ഷയായ മലയാളി സൈനികൻ അഭിലാഷ് ടോമി അപകടത്തിൽ പെട്ടത്. മൂന്നു ദിവസത്തിനുശേഷം തെരച്ചിൽ സംഘം കണ്ടെ ത്തുന്പോൾ അവശനായിരുന്നു അദ്ദേഹം.
വിദേശത്തും നാട്ടിലും ചികിത്സയ്ക്കു ശേഷം ഇന്നലെ ഡൽഹിയിൽ എത്തി. ആരോഗ്യം എണ്പതു ശതമാനത്തോളം വീണ്ടെടുത്തുകഴിഞ്ഞു. അടുത്ത നിയോഗം ഗോവയിലേക്കാണ്. മുംബെയിലായിരുന്നു ആയുർവേദ ചികിത്സ. അപകടഘട്ടത്തിലും തരണം ചെയ്തു വന്ന പരീക്ഷണ കാലത്തും ഒപ്പം നിന്ന കുടുംബം, സേന, തുടങ്ങി എല്ലാവർക്കും അഭിലാഷ് നന്ദി പറയുന്നു. അപകടത്തിൽപ്പെട്ടു രണ്ടു ദിവസത്തിനുശേഷം സുഖവിവരം അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നു.
2018 ജൂലൈ ഒന്നിനാണ് ഫ്രാൻസിലെ സാബ്ലോ ദൊലാൻ തീരത്ത് നിന്ന് തുരീയ എന്ന പായ് വഞ്ചിയിൽ അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസ് പര്യടനം ആരംഭിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 3300 കിലോമീറ്റർ അകലെ വച്ച് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തിൽപ്പെട്ടത്.
പിന്നീട് ഫ്രഞ്ച് കപ്പലായ ഒസീരിസിലെ രക്ഷാപ്രവർത്തകരാണ് ആംസ്റ്റർഡാം ദ്വീപിലെത്തിച്ചത്. തുടർന്ന് ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ വിശാഖപട്ടത്തെത്തിച്ചു. ഡൽഹി സേനാ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം തുടർചികിത്സകൾ നടന്നു വരികയാണ്.
ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശി അഭിലാഷിന്റെ പിതാവ് ചാക്കോ ടോമി നാവിക സേനയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. അമ്മ വത്സ. ഭാര്യ ഉർമിമാല.