കൊച്ചി/പെര്‍ത്ത്:ഗോൾഡൺ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളിയായ നാവികസേനാ കമാൻഡർ അഭിലാഷ് ടോമിയുടെ പായ്വഞ്ചി അപകടത്തില്‍പെട്ടു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്.
ഓസ്ട്രേലിയന്‍ നേവിയുടെയും ഇന്ത്യന്‍ നേവിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാവികസേനയുടെ ഐഎന്‍എസ് സത്പുരയും ചേതക് ഹെലികോപ്റ്ററും ഐഎൻഎസ് ജ്യോതി എന്ന ടാങ്കറും തിരച്ചിലിനുണ്ട്. കന്യാകുമാരിയിൽനിന്ന് 5020 കിലോ മീറ്റർ തെക്കാണ് അപകടസ്ഥലം.
വഞ്ചിക്കു തകരാറുണ്ടെന്നും തനിക്കു സാരമായി പരിക്കേറ്റുവെന്നും അഭിലാഷ് ടോമി ഇന്നലെ പുലര്‍ച്ചെ മൂന്നിന് സന്ദേശം നല്‍കിയിരുന്നു. പായ്വഞ്ചിയുടെ തൂണ് (പായ്മരം) തകര്‍ന്നെന്നും നടുവിനു സാരമായി പരിക്കേറ്റെന്നും എഴുന്നേല്ക്കാന് സാധിക്കുന്നില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
ഇന്നലെ രാവിലെ ആറിന് വന്ന രണ്ടാമത്തെ സന്ദേശത്തില്‍ ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉപഗ്രഹവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു ഗുണകരമാണ്. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ ഓണ്‍ ആയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ലൊക്കേഷന്‍ തിരിച്ചറിയുന്നതിനു സഹായകമായി.
അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ്വഞ്ചികൾ അപകടത്തില്‍ പ്പെട്ടത്. ആ വഞ്ചികളിലുള്ളവര് സുരക്ഷിതരാണ്.
ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച ഗ്ലോബ് പ്രയാണത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. ഗോവയില്‍ നിര്‍മിച്ച തുരിയ എന്ന പായ്വഞ്ചിയാണ് ഉപയോഗിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത വഞ്ചിയാണ് അഭിലാഷിന്റേത്.
അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട് അഭിലാഷ് ടോമി ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക്, ഒരിടത്തും അടുപ്പിക്കാതെ കടലിലൂടെ ലോകംചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മത്സരത്തില്‍ ചേർന്നതു 18 പായ്വഞ്ചികളാണ്.
50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു നടത്തുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു ബാക്കിയുള്ളത്.
കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട അഭിലാഷ്, പായ് വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാര്‍ പരിഹരിച്ചതായി നേരത്തെ വിവരം നല്‍കിയിരുന്നു. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളോ നാവിഗേഷന്‍ സാങ്കേതികവിദ്യയോ ഇല്ലാതെയാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് എന്ന യാത്ര. കടലില്‍ വഴികാട്ടുന്നത് വടക്കുനോക്കി യന്ത്രവും ഭൂപടവും മാത്രം. എന്തെങ്കിലും അപകടമുണ്ടായാൽ മാത്രം ഉപയോഗിക്കാനുള്ള സാറ്റലൈറ്റ് മൊബൈല്‍ ഫോണും ഉണ്ട്.
തീരത്തൊരിടത്തും അടുപ്പിക്കാതെ ഒറ്റയ്ക്ക് ലോകം സഞ്ചരിച്ചതിന്റെ നേട്ടം ആദ്യമായി സ്വന്തമാക്കിയ സര് റോബിന് നോക്സ് ജോണ്‍സ്റ്റന്റെ യാത്രയുടെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.