ചാരുംമൂട്: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പതിനഞ്ചുകാരനായ പത്താംക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി.
വള്ളികുന്നം പുത്തൻചന്ത അന്പിളി ഭവനത്തിൽ അന്പിളികുമാറിന്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു(15)വാണ് കുത്തേറ്റു മരിച്ചത്.
വള്ളികുന്നം അമൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്നലെ രാവിലെ പരീക്ഷ എഴുതാനിരിക്കവെയാണ് കൊല്ലപ്പെട്ടത്.
വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ കഴിഞ്ഞദിവസം രാത്രി ക്ഷേത്രത്തിനു കിഴക്കുവശത്തെ മൈതാനത്തു വച്ചായിരുന്നു സംഭവം.
മറ്റു രണ്ടുപേർക്കു കൂടി ആക്രമണത്തിൽ കുത്തേറ്റു. വള്ളികുന്നം പുത്തൻചന്ത നഗരൂർ കുറ്റിയിൽ ആദർശ്(19), പടയണിവെട്ടം മങ്ങാട്ട് പുത്തൻവീട്ടിൽ കാശിനാഥ് (15) എന്നിവർക്കാണ് പരിക്കേറ്റത്.
ആദർശിന്റെ പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാശിനാഥിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിമന്യുവിനെ ആക്രമിക്കുന്നത് കണ്ടു തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് കുത്തേറ്റത്. അഭിമന്യുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
മുന്പ് മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തർക്കങ്ങളുണ്ടായെന്നും അഭിമന്യുവിന്റെ സഹോദരൻ അനന്തു ഈ തർക്കത്തിൽ ഉൾപ്പെട്ടിരുന്നതായും പോലീസ് പറയുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് പടയണിവട്ടം ക്ഷേത്രത്തിൽ വച്ച് അക്രമമുണ്ടായതെന്നും രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തിനു പിന്നിലെന്നും പൂർവവൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.
അഭിമന്യുവിന്റെ ജ്യേഷ്ഠൻ അനന്തുവിനെ തെരഞ്ഞെത്തിയ അക്രമിസംഘം ആളുമാറി അഭിമന്യുവിനെ കുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ആർഎസ്എസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം.
അഭിമന്യു സജീവ എസ്എഫ്ഐ പ്രവർത്തകനാണെന്നും ആർഎസ്എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്നും സിപിഎം ഏരിയ സെക്രട്ടറി ബി. ബിനു പറഞ്ഞു.
എന്നാൽ കൊലപാതകവുമായി ബിജെപിക്ക് യാതൊരു ബന്ധുവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ പറഞ്ഞു.
പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് വള്ളികുന്നം താമരക്കുളം, ചുനക്കര, പാലമേൽ, നൂറനാട് പഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ ആചരിച്ചു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയനാഥ് സ്ഥലം സന്ദർശിച്ചു. ഡോഗ് സ്ക്വാഡ്, ഫോറൻസിക്, വിരലടയാള വിദഗ്ധര് എന്നിവരും പരിശോധന നടത്തി.