കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് ആസൂത്രിതമെന്നതിനു കൂടുതൽ വെളിവുകൾ പോലീസിനു ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിനു ലഭ്യമായത്.
സമീപ ജില്ലകളിൽനിന്നുള്ളവർപോലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി തിരിച്ചറിഞ്ഞ പോലീസ് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ ഒരാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് ഇയാൾ.
ഇയാളിൽനിന്നു കൊലപാതകം ആസൂത്രിതമെന്ന കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കൃത്യം നടന്ന ദിവസം സമീപ ജില്ലകളിൽനിന്നുള്ള ഏതാനും എസ്ഡിപിഐ പ്രവർത്തകർ എറണാകുളത്ത് എത്തിയതായി പോലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതു സംബന്ധിച്ച നടത്തിയ അന്വേഷണത്തിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണു സൂചന.
അതേസമയം, കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനു വീടു നിർമിച്ചു നൽകുന്നതിനു എസ്എഫ്ഐ കാന്പസുകളിൽ പിരിവു നടത്താനൊരുങ്ങുകയാണ്. അഭിമന്യൂവിന്റെ ഗ്രാമത്തിൽ വായനശാല സ്ഥാപിക്കുന്നതിനും എസ്എഫ്ഐ നേതൃത്വം നൽകും.
ഇതിനിടെ, അഭിമന്യുവിന്റെ കൊലപാതകത്തിൽ കാന്പസ് ഫ്രണ്ട് ഭീകരതയ്ക്കെതിരേ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാളെ യുവജനസംഗമവും സംഘടിപ്പിക്കും. വൈകുന്നേരം നാലിനു രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന സമ്മേളനം ന്ധഹൃദയപക്ഷം’ പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് മഹാരാജാസ് കോളജ് മുതൽ രാജേന്ദ്രമൈതാനം വരെ ചുവരെഴുത്ത് നടക്കും.