കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ.
കേസിൽ ഇന്നു കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ ഇതുവരെ നാലുപേരെയാണ് അന്വേഷണ സംഘം പിടികൂടിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പത്തനംതിട്ട സ്വദേശി ഫാറൂഖ്, കോട്ടയം സ്വദേശി ബിലാൽ, ഫോർട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവർക്കു പുറമെ നെട്ടൂർ പഴയ ജുമമസ്ജിദിന് സമീപ് നെങ്ങ്യാരത്ത് പറന്പ് വീട്ടിൽ സൈഫുദ്ദീനെ (27) സെൻട്രൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസിൽ പങ്കുള്ള ഏതാനുംപേർ കൂടി പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണു വിവരം.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ടുള്ള പ്രിവന്റ്ീവ് അറസ്റ്റ് തുടരുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച പരിശോധനയിൽ ഇതിനോടകം വിവിധ ജില്ലകളിൽനിന്നായി നൂറിലേറെപേരെ പ്രിവൻറീവ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കരുതൽ നടപടികളുടെ ഭാഗമായാണു പ്രിവൻറീവ് അറസ്റ്റ് നടത്തുന്നതെന്നു പോലീസ് പറഞ്ഞു. പ്രതികളെ ഏതെങ്കിലും തരത്തിൽ സംരക്ഷിച്ചെന്നും പരിശോധനയ്ക്കെത്തുന്ന പോലീസിനുനേരെ പ്രകോപനം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും കരുതുന്നവരെയാണു പിടികൂടിയിട്ടുള്ളത്.
ഇവരിൽ ഭൂരിഭാഗംപേരും എസ്ഡിപിഐ-കാന്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, കൊലപാതക കേസിൽ ഇന്നലെ പിടിയിലായ സൈഫുദ്ദീനെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഇതിനിടെ, കേരള പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നു വ്യക്തമാക്കിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഭവത്തിൽ പ്രാഥമിക അന്വേഷണവും ആരംഭിച്ചു.
മൂവാറ്റുപുഴയിൽ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവയുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും ഒളിവിൽ കഴിയുന്നതോ ജാമ്യത്തിലിറങ്ങിയിട്ടുള്ളതോ ആയ പ്രതികൾക്ക് അഭിമന്യുവിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നാണ് എൻഐഎ അന്വേഷിക്കുന്നത്.