കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. നെട്ടൂർ സ്വദേശി റജീബ് (25) നെയാണ് ഇന്ന് രാവിലെ ആലുവയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.
കാന്പസ് ഫ്രണ്ടിന്റെ കൊച്ചി ഏരിയ ട്രഷററാണ് റജീബ്. കേസിലെ മുഖ്യപ്രതികളിലൊരാളായ ഇയാൾ സംഭവദിവസം രാത്രി നെട്ടുരിൽ നിന്നെത്തിയ അഞ്ചംഗസംഘത്തിലുണ്ടായിരുന്നതായി അന്വേഷണസംഘം പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജി രാഷ്ട്രദീപികയോടു പറഞ്ഞു.
കർണാടകയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ആലുവയിൽ ട്രെയിനിൽ വച്ചാണ് റജീബിനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 15 ഓളം പേരെയാണ് നേരത്തെ പോലീസ് അറസ്റ്റു ചെയ്തത്. ഇതിൽ പൂത്തോട്ട ലോ കോളജിലെ വിദ്യാർഥി മുഹമ്മദ് റിഫ, പള്ളുരുത്തി സ്വദേശി പി.എച്ച്.സനീഷ് എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
പിടിയിലായ പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊലയാളിയെ സംബന്ധിക്കുന്ന വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളജ് ഗേറ്റിന് സമീപം അഭിമന്യു കുത്തേറ്റ് മരിച്ചത്.