കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യു കൊലക്കേസിലെ പത്താം പ്രതി ക്യാംപസ് ഫ്രണ്ട് നേതാവ് സഹല്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. എറണാകുളം നെട്ടൂര്‍ സ്വദേശിയായ സഹല്‍ അഭിഭാഷകനൊപ്പമെത്തിയാണ് കോടതിയില്‍ കീഴടങ്ങിയത്.
സംഭവം നടന്ന് രണ്ടു വര്‍ഷമാകാന്‍ വെറും ഒരു മാസം ബാക്കി നില്‍ക്കെയാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാള്‍ തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല.
അഭിമന്യുവിനെ കുത്തിയത് സഹല്‍ ആണെന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തെ കേസിലെ ആദ്യ 16 പ്രതികളെ ഉള്‍പ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കൊലപാതകം, ഗൂഡാലോചന, സംഘം ചേരല്‍ തുടങ്ങി 13 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പോലീസ് 14 പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്.
2018 ജൂലൈയിലാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കോളജിനു മുന്പില് വച്ച് കുത്തി കൊന്നത്.
എസ്എഫ്ഐ പ്രവര്‍ത്തകരായ അര്ജുന്, വിനീത് എന്നിവര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.