ആലുവ: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതികൾക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി റൂറൽ പോലീസ്. ആലുവ റൂറൽ പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 21 എസ്ഡിപിഐ പ്രവർത്തകരെ കരുതൽ തടങ്കൽ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തു. ശനിയാഴ്ച നടത്തിയ കോന്പിംഗ് ഓപ്പറേഷനിലാണ് പോലീസ് നിരീക്ഷണത്തിലായിരുന്ന ഇവർ പിടിയിലായത്.
പിടിയിലായവരിൽ 20 പേർ എസ്ഡിപിഐ പ്രവർത്തകരും ഒരാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമാണ്. അതേസമയം അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാന പ്രതികളിലൊരാളായ കാന്പസ് ഫ്രണ്ട് നേതാവ് ആലുവ സ്വദേശി ആദിലിനെ ഇന്നലെ പിടികൂടിയിരുന്നു.
കരുതൽ തടങ്കൽ പ്രകാരം കൂടുതൽ പേർ അറസ്റ്റിലായത് പെരുന്പാവൂരിലാണ്. അഞ്ച് എസ്ഡിപിഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ബിനാനിപുരം സ്റ്റേഷൻ പരിധിയിൽനിന്നു നാലുപേരും കുന്നത്തുനാട്ടിൽ മൂന്നുപേരും അറസ്റ്റിലായി.
കുറുപ്പംപടിയിൽ രണ്ടുപേരും ആലുവ ഈസ്റ്റ്, വെസ്റ്റ്, എടത്തല, ഞാറയ്ക്കൽ, മുനന്പം, കാലടി, കോതമംഗലം എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർക്കായുള്ള അന്വേഷണം തുടരുമെന്ന സൂചനയാണ് റൂറൽ പോലീസ് നൽകുന്നത്.