കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊലചെയ്യപ്പെട്ടിട്ട് മൂന്നാഴ്ച പിന്നിടുന്പോഴും അഭിമന്യുവിനെ കുത്തിയതാരാണെന്നും അക്രമണത്തിന്റെ കേന്ദ്രബുദ്ധി എവിടെ നിന്നാണെന്നും വ്യക്തമായ സൂചന ലഭിക്കാതെ പോലീസ്. കഴിഞ്ഞ ഒന്നാം തീയതി അർധരാത്രിയാണ് അഭിമന്യുവിന് കുത്തേൽക്കുന്നതും മരണപ്പെടുന്നതും. ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷം അക്രമണത്തിൽ കലാശിക്കുകയായിരുന്നു.
അക്രമണം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നെന്നും കാന്പസ്ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്നും പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികൾക്കായി പോലീസ് ഇരുട്ടിൽ തപ്പുകയാണ്.
കേസുമായി ബന്ധപ്പെട്ട ഇതുവരെ 12 പേർ പിടിയിലായെങ്കിലും അഭിമന്യുവിനെ കുത്തിയതാരാണെന്നും കത്തി എവിടെ നിന്നാണെന്നും മറ്റുമുള്ള കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഘർഷത്തിന്റെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടും അഭിമന്യുവിനെ കുത്തിയതാരാണെന്ന് തിരിച്ചറിയാൻ പോലീസിനു കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവം നടന്ന രാത്രി എസ്എഫ്ഐ പ്രവർത്തകർ തന്നെ പിടിച്ചുകൊടുത്ത മൂന്നുപേരാണ് പോലിസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ആദ്യ ദിവസങ്ങളിൽ ഇവരിൽനിന്നു കാര്യമായ വിവരങ്ങൾ ലഭിക്കാതിരുന്നത് പോലീസിന് അക്രമി സംഘത്തിലുള്ളവരിലേക്ക് എത്താൻ തടസമായി.
കൊലയാളി സംഘത്തിലുണ്ടായിരുന്ന ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെയും (20) കേസിലെ ഒന്നാം പ്രതിയും അക്രമി സംഘത്തെ കോളജിലേക്ക് വിളിച്ചു വരുത്തിയ മഹാരാജാസ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ ചേർത്തല അരൂക്കുറ്റി വടുതല ജാവേദ് മൻസിലിൽ ജെ.ഐ. മുഹമ്മദിനെയും (21) കഴിഞ്ഞ 15ന് പോലീസ് പിടികൂടിയിരുന്നു.
എന്നാൽ അഭിമന്യുവിനെ കുത്തിയതാരാണെന്നും വിവിധ ജില്ലകളിൽ നിന്നുള്ള അക്രമി സംഘത്തെ ഏകോപിപ്പിച്ചത് ആരാണെന്നും സംബന്ധിച്ച് വ്യക്തമായ ധാരണ ഇവരിൽനിന്ന് പോലീസിന് വ്യക്തമായിട്ടില്ല എന്നാണ് സൂചന. പോലീസിന്റെ ചോദ്യം ചെയ്യലിനോട് എങ്ങനെ പ്രതികരിക്കണമെന്നതു സംബന്ധിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് ഇവർക്കു നിയമോപദേശം ലഭിച്ചിരുന്നതായി പോലീസ് കരുതുന്നു.
മൊബൈൽ ഉപേക്ഷിച്ചുവെന്നും അക്രമം നടന്ന ദിവസം ധരിച്ചിരുന്ന ഷർട്ട് ബസിൽ വച്ചു മറന്നുവെന്നുമുള്ള മുഹമ്മദിന്റെ മൊഴി ഇതിന്റെ ഭാഗമായാണ് പോലീസ് കരുതുന്നത്. ഗൂഢാലോചന നടത്തിയവരും അക്രമിസംഘത്തിലുണ്ടായിരുന്നവരും രക്ഷപെടാൻ സഹായിച്ചവരും തമ്മിൽ പരസ്പരം അറിയില്ലെന്ന് വരുത്തിതീർത്ത് അന്വേഷണം വഴിമുട്ടിക്കാനും കേന്ദ്ര ബിന്ദുവിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള ശ്രമങ്ങളുമാണ് പിടിയിലായവരിൽനിന്ന് ഉണ്ടാകുന്നതെന്നാണ് സൂചന.
മുഹമ്മദിന്റെ ഫോണ് കണ്ടെത്തിയാൽ അക്രമണത്തിനു നേതൃത്വം നൽകിയവരെ കണ്ടെത്താൻ കഴിയും. അതെ സമയം പിടിയിലായ എട്ടു പ്രതികളുടെ മൊബൈൽ ഫോണുകളും രണ്ടു ഹാർഡ് ഡിസ്കുകളും സിസിടിവി ദൃശ്യങ്ങളും തിരുവന്തപുരത്തെ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വട്ടവടയിൽനിന്ന് പിറ്റേന്ന് പുലർച്ചെ കോളജിലേക്കു പോകാനിരുന്ന അഭിമന്യു കോളജിൽനിന്നും നിരന്തരം വിളിവന്നതിനെത്തുടർന്നാണ് തലേന്നുതന്നെ പുറപ്പെട്ടതെന്ന് സഹോദരൻ പറഞ്ഞിരുന്നു.
നവാഗതരെ സ്വാഗതം ചെയ്യാനുള്ള ക്രമീകരണങ്ങൾക്കാണ് അഭിമന്യു എത്തിയതെന്നാണ് ഹോസ്റ്റലിലെ ഒരു സുഹൃത്ത് പറഞ്ഞത്. അതിനായി ഹോസ്റ്റലിലെയും ക്ലാസിലെയും സുഹൃത്തുക്കൾ ഉൾപ്പെടെ വിളിച്ചിരുന്നു. എന്നാൽ, കോളജിലെ വിദ്യാർഥിയും കേസിൽ മുഖ്യപ്രതിയുമായ മുഹമ്മദും അഭിമന്യുവിനെ പലതവണ വിളിച്ചിരുന്നതായാണ് മൊഴി.
കാന്പസ് ഫ്രണ്ട് പ്രവർത്തകനായ മുഹമ്മദ് ആവർത്തിച്ചു വിളിക്കേണ്ട ആവശ്യവും അങ്ങനെ വിളിച്ചാൽ വരേണ്ടതുമായ കാര്യം എന്താണെന്നതു സംബന്ധിച്ച് വ്യക്തത വരുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അഭിമന്യുവിന്റെ ഫോണ് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുവെങ്കിലും ഇതുവരെ അഭിമന്യു ഉപയോഗിച്ചിരുന്ന ഫോണ് കണ്ടെത്താനും പോലീസിനു കഴിഞ്ഞിട്ടില്ല.
ഇനിയുള്ള ഒരാഴ്ച നിർണായകം
അഭിമന്യു വധക്കേസിൽ പോലീസിന് ഈ ഒരാഴ്ച നിർണായകമാകും. കേസിലെ ഒന്നാം പ്രതി അരൂക്കുറ്റി വടുതല ജാവേദ് മൻസിലിൽ ജെ. ഐ. മുഹമ്മദിനേയും അക്രമി സംഘത്തിലുണ്ടായിരുന്ന ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെയും 28 വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടുള്ളത്.
ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്നതിനും അക്രമണത്തിനു നേതൃത്വം നൽകിയ കേന്ദ്രത്തെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും വ്യക്തത വരുത്തുന്നതിനും ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കേസിലെ 25-ാം പ്രതി കെ.കെ. ഷാനവാസും പോലീസ് കസ്റ്റഡിയിലുണ്ട്. മുഹമ്മദിന്റെ ഫോണ് രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്. മുഹമ്മദിന്റെ ഫോണിലേക്കുവന്ന കോളുകൾ കേന്ദ്രീകരിച്ച് വനിതകളടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു.