ചാരുംമൂട് : വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനത്തിൽ അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രധാന പ്രതി ഉൾപ്പടെ രണ്ടു പേരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു.
പ്രധാന പ്രതി ആർ എസ് എസ് പ്രവർത്തകനായ പടയണിവെട്ടം പുത്തൻപുരക്കൽ സജയ് ജിത്ത് (21 ) വള്ളികുന്നം സ്വദേശി ജിഷ്ണു തമ്പി എന്നിവരെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്ന്ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലായതായി സൂചനയുണ്ട്.
പ്രധാന പ്രതി സജയ് ജിത്ത് ഇന്നലെ രാവിലെ കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ജിഷ്ണു വിനെ വള്ളികുന്നം പോലീസ് പിടികൂടുകയായിരുന്നു. കീഴടങ്ങിയ സജയ് ജിത്തിനെ പാലാരിവട്ടം പോലീസ് രാത്രിയോടെ അരൂർ പൊലീസിന് കൈമാറി.
പിന്നീട് ഇന്ന് പുലർച്ചയോടെ വള്ളികുന്നം പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയും വള്ളികുന്നം സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.
കുത്തിയത് സജയ് എന്നു പോലീസ്
ക്ഷേത്ര മൈതാനത്തുവച്ച് അഭിമന്യുവിനെ കുത്തിയത് സജയ് ജിത്താണെന്നാണ് പോലീസ് കണ്ടെത്തൽ.സജയ് ജിത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.
വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവ ദിനമായ ബുധനാഴ്ച രാത്രി 9.30 നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ക്ഷേത്രവളപ്പിന് കിഴക്കുള്ള മൈതാനത്തുവെച്ച് അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു . വയറിന്റെ ഇടതുഭാഗത്ത് നാല് സെന്റിമീറ്റര് വലിപ്പത്തിലാണ് കുത്തേറ്റിരുന്നത്.
ആയുധം കണ്ടെത്താനും അന്വേഷണ സംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്.പ്രധാന പ്രതിയുമായി പോലീസ് ഇതിനായി തെളിവെടുപ്പ് നടത്തും.വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കാനും നീക്കമുണ്ട്.
അഭിമന്യുവിന്റെ സഹോദരനും ഡി.വൈ.എഫ്.ഐ. പ്രവര്ത്തകനുമായ അനന്തുവിനെ തിരക്കിയെത്തിയ സജയ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തിയത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
നിർണായക വിവരങ്ങൾ..
കസ്റ്റഡിയിൽ ഉള്ള പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. കേസിലെ അഞ്ചു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ചെങ്ങന്നൂർ ഡി വൈ എസ് പി ആർ ജോസ്,വള്ളികുന്നം സി ഐ മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് കേസ് അന്വേഷിക്കുന്നത്.അഭിമന്യുവിന്റെ സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു.
ഓച്ചിറ ചൂനാട് വഴി വിലാപയാത്ര യായി എത്തിച്ച ഭൗതിക ശരീരം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ആഫിസ് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിലെത്തിച്ച ഭൗതിക ശരീരം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിച്ചു.
സി പി എം,ഡി വൈ എഫ് ഐ നേതാക്കന്മാരും പ്രവർത്തകരും ഉൾപ്പടെ വൻ ജനാവലി അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.വിലാപയാത്ര കടന്നുപോകുന്നതിനിടയിൽ ഒരു വീടിന് നേരെ ആക്രമണം ഉണ്ടായി .
വള്ളികുന്നം എം ആർ ജംഗ്ക്ഷനിൽ മാലതി മന്ദിരത്തിൽ ആർ എസ് എസ് പ്രവർത്തകനായ അനന്ത കൃഷ്ണന്െ വീടിന് നേരെ ആയിരുന്നു ആക്രമണം .വീടിന്റെ ജനാല ചില്ലുകൾ എറിഞ്ഞ് തകർത്തു.
പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറുകൾ നശിപ്പിക്കുകയും ചെയ്തു.സംഭവത്തിൽ വള്ളികുന്നം പോലീസ് കേസെടുത്തു.