കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. കേസിലെ രണ്ടാംപ്രതിയും ക്യാന്പസ് ഫ്രണ്ട് ജില്ലാ നേതാവുമായ ആലുവ ഈസ്റ്റ് ചുണങ്ങംവേലി മുള്ളങ്കുഴി ചാമക്കാലായിൽ ആരിഫ് ബിൻ സലീം (25) ആണ് പിടിയിലായത്.
ഒളിവിൽ കഴിഞ്ഞുവന്ന ഇയാളെ പെരുന്പാവൂരിനു സമീപം കോടനാട് ഭാഗത്തുനിന്നുമാണു പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. മഹാരാജാസ് കോളജിലേക്ക് ആക്രമികളെ സംഘടിപ്പിച്ചത് ഇയാളാണെന്നാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്.
ഇതോടെ ഇതുവരെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി. കഴിഞ്ഞ ദിവസം ഇയാൾ ഉൾപ്പെടെ കേസിൽ ഇനി പിടികൂടാനുണ്ടായിരുന്ന എട്ട് പേർക്കെതിരേ പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ടാം പ്രതി പിടിയിലായതോടെ മറ്റ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.
രണ്ടാം പ്രതിക്കു പുറമേ ഒന്പതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറന്പ് വി.എൻ. ഷിഫാസ്(23), സഹോരങ്ങളും കേസിൽ യഥാക്രമം പത്തും പതിനാറും പ്രതികളായ നെട്ടുർ മസ്ജിദ് റോഡിൽ മേക്കാട്ട് സഹൽ (21), സനിദ് (26), 11 ാം പ്രതി പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽപറന്പിൽ ജിസാൽ റസാഖ് (21), 12 ാം പ്രതി ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കാരിപുഴി നന്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31), 14 ാം പ്രതി ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ് (20), 15ാം പ്രതി നെട്ടൂർ കരിങ്ങന്പാറ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൻസീൽ (25) എന്നിവർക്കെതിരേയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 (ബി), 143, 148, 341, 506(രണ്ട്), 201, 212, 323, 324, 326, 307 തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. പ്രതികളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 9497990066, 9497990069, 9497987103 എന്നീ നന്പറുകളിൽ വിവരം അറിയിക്കണമെന്ന് പോലീസ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ജൂലൈ രണ്ടിനു പുലർച്ചെ 12.30നാണ് മഹാരാജാസ് കാന്പസിനു പുറത്തുള്ള റോഡിൽ വച്ച് അഭിമന്യു കുത്തേറ്റു മരിച്ചത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.