കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവും തുടങ്ങി. രേഖകള്‍ നഷ്ടമായതില്‍ വന്ന വീഴ്ച ആര്‍ക്കാണെന്ന തരത്തിലുള്ള അന്വേഷണമാകും ഇതിന്റെ ഭാഗമായി നടക്കുക.
അതിനിടെ കാണാതായ രേഖകള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള പകര്‍പ്പുകള്‍ വിചാരണ കോടതിക്ക് കൈമാറുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസ് ഈ മാസം 18ന് പരിഗണിക്കുമ്പോഴാകും രേഖകള്‍ കൈമാറുക. അതേസമയം, രേഖകള്‍ കാണാതായത് വിചാരണയെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ രേഖകള്‍ നഷ്ടമായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണിവ. കാഷ്വാല്‍റ്റി രജിസ്റ്റര്‍, വൂണ്ട് സര്‍ട്ടിഫിക്കറ്റ്, സൈറ്റ് പ്ലാന്‍ തുടങ്ങിയവയും നഷ്ടമായി. രേഖകള്‍ നഷ്ടമായ വിവരം ഡിസംബറില്‍ സെഷന്‍സ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45നാണ് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ടിന്റെ ചുമരെഴുത്ത് തടഞ്ഞതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. കേസില്‍ 26 കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.