ചാരുംമൂട് : വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന അഭിമന്യു (15)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ നാല് പ്രതികളെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു .
ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെ ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും വള്ളികുന്നം സി ഐ മിഥുൻ പറഞ്ഞു.രണ്ടു പ്രതികളെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇലിപ്പക്കുളം ഐശ്വര്യ വീട്ടിൽ ആകാശ് (20 ) വള്ളികുന്നം പള്ളിവിള ജംഗ്ഷൻ പ്രണവ് (23 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കേസിൽ അറസ്റ്റിലായ പ്രധാന പ്രതി എം ആർ മുക്ക് പുത്തൻപുരക്കൽ സജയ് ജിത്ത് (21 ) വള്ളികുന്നം സ്വദേശി ജിഷ്ണു തമ്പി എന്നിവരെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു.
അറസ്റ്റിലായ പ്രതികളെല്ലാം ആർ എസ് എസ് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു .ഇവരെയും കോടതി റിമാൻഡ് ചെയ്തു .ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. പ്രതികൾ കഠാര ഉപയോഗിച്ചാണ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു .
അഭിമന്യുവിനെ കുത്തികൊലപ്പെടുത്താൻ ഉപയോഗിച്ച കഠാര പടയണിവെട്ടം ക്ഷേത്രത്തിന്സ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു . വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവ ദിനത്തിൽ രാത്രി 9.30 നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.
ക്ഷേത്രവളപ്പിന് കിഴക്കുള്ള മൈതാനത്തുവെച്ച് അഭിമന്യുവിനെ സംഘം കുത്തികൊലപ്പെടുത്തുകയായിരുന്നു.