തൃശൂര്‍: അഭിമന്യുവിന്റെ ജീവിതകഥയുമായെത്തുന്ന ’ പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ തൃശൂർ കേരള വർമ കോളജിൽ നടന്നു. മഹാരാജാസ് കേളജ് കാമ്പസില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന് സമര്‍പ്പണമായാണ് സിനിമ ഒരുങ്ങുന്നത്.
ദരിദ്ര കുടുംബത്തില്‍ നിന്നും സംഘടനാപാടവത്തിലേക്ക് ഉയരുന്ന അഭിമന്യുവിന്റെ ഓര്‍മപ്പെടുത്തലാണ് സിനിമ. കാമ്പസുകളില്‍ പടരുന്ന മത വര്‍ഗീയതയും പുതുതലമുറ അകപ്പെടുന്ന ആപത്തിനുമെതിരെയുള്ള സന്ദേശമാണ് സിനിമയിലൂടെ നല്‍കുന്നതെന്ന് സംവിധായകന് പറയുന്നു.
വാട്സ്അപ്പ് ഗ്രൂപ്പായ റെഡ് മലബാര്‍ കോമ്രേഡ് സെല്ലാണ് സിനിമ നിര്‍മിക്കുന്നത്. വിനീഷ് ആരാധ്യ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നു. അഭിമന്യുവന്റെ അച്ഛനായി ഇന്ദ്രന്‍സും, അമ്മയായി ഷൈലജയും വേഷമിടുന്നു. സിനിമയുടെ ചിത്രീകരണം നാളെ കോഴിക്കോട് തുടങ്ങും. വട്ടവട, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും.