തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിൽനിന്നു യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ആലുവ സ്വദേശികളായ രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. ആലുവ സ്വദേശികളായ അനസ്(27), നൗഫൽ(28) എന്നിവരാണ് വെള്ളിയാഴ്ച ആലുവയിൽ വലിയതുറ പോലീസിന്റെ പിടിയിലായത്.
ഇവർക്ക് എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ അഭിമന്യു കൊലപാതക കേസ് അന്വേഷിക്കുന്ന അന്വേഷണസംഘം ചോദ്യം ചെയ്താൽ മാത്രമേ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും വലിയതുറ പോലീസ് അറിയിച്ചു.
ഒരു മാസം മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തുവച്ച് കോഴിക്കോട് സ്വദേശികളായ യുവതികളെയും ഒരു യുവാവിനേയും കാറിൽ ബലമായി കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് സ്വദേശി നിസാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വിദേശത്തു നിന്നുമെത്തിയ നിസാറിനെയും കൂടെയുള്ള യുവതികളെയും പിടിയിലായ നൗഫലും അനസും ഉൾപ്പെട്ട സംഘം ബലമായി കാറിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിച്ചു എന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നവാസിനെയും കൂടെയുണ്ടായിരുന്നവരെയും തട്ടിക്കൊണ്ടു പോകാൻ ഇവർ ഉപയോഗിച്ച വാഹനത്തെ കുറിച്ചും, സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതേതുടർന്നാണ് ആലുവ സ്വദേശികളായ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരനായ നവാസിനും ഇയാളോടൊപ്പമുണ്ടായിരുന്ന യുവതികൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നും ഇവർ കടത്തിക്കൊണ്ടു വന്ന സ്വർണം തട്ടിയെടുക്കാൻ വേണ്ടിയാണോ ഇപ്പോൾ പിടിയിലായവർ ബലപ്രയോഗം നടത്തിയതെന്നും പോലീസ് സംശയിക്കുന്നു.