കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസിൽ ഒരാൾകൂടി പിടിയിലായതായി സൂചന. മുഖ്യപ്രതികളിൽ ഒരാളായ തലശേരി സ്വദേശി മുഹമ്മദ് റിഫയാണു അന്വേഷണ സംഘത്തിന്റെ പിടിയിലായത്. എന്നാൽ, വിദ്യാർഥിയായ ഇയാളുടെ അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന പള്ളുരുത്തി സ്വദേശി സനീഷിനെ (28) അന്വേഷണസംഘം പിടികൂടിയതിനു പിന്നാലെയാണു മുഖ്യസൂത്രധാരനെന്നു കരുതുന്ന മുഹമ്മദ് റിഫായെയും പിടികൂടിയത്. ഇതുവരെ 14 പേരെയാണ് കേുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യപ്രതിയും കാന്പസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ.ഐ. മുഹമ്മദ്, ആദിൽ എന്നിവരെ പോലീസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മുഹമ്മദ് റിഫയെയും പിടികൂടിയതെന്നാണു വിവരങ്ങൾ.