കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പേർ കൂടി അറസ്റ്റിൽ. അരുക്കുറ്റി സ്വദേശികളായ ഷിഹറാസ് സലിം, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇവരിൽനിന്ന് മതസ്പർധ വളർത്തുന്ന ലഘുലേഖകളും ലാപ്ടോപ്പും മൊബൈൽ ഫോണുകളും സിഡിയും പോലീസ് പിടിച്ചെടുത്തു. കൊലയെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഷാജഹാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നയാളാണെന്നും ഷിഹറാസ് പ്രവർത്തകർക്ക് കായിക പരിശീലനം നൽകുന്നയാളാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം കേസിലെ മുഖ്യപ്രതിയടകം മൂന്ന് പേർ രാജ്യം വിട്ടതായാണ് സൂചന. മുഖ്യപ്രതി ബംഗളൂരു വിമാനത്തവാളം വഴി വിദേശത്തേക്ക് കടന്നതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസ് രാജ്യാന്തര പോലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായം തേടും.
ജൂലൈ രണ്ടിന് പുലർച്ചെ കോളജിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഒരു സംഘമാളുകൾ കുത്തിക്കൊലപ്പെടുത്തിയത്.