കണ്ണൂർ: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ അറുപതോളം എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് പ്രവർത്തകർ നിരീക്ഷണത്തിൽ. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന കാന്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫ (24) കൂത്തുപറന്പ് നീർവേലി സ്വദേശിയാണ്.
ഇയാളെ തേടി അഭിമന്യു കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവും കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ കൂത്തുപറന്പ്, മാലൂർ ഭാഗങ്ങളിൽ പരിശോധന നടത്തി. പി.എം. മുഹമ്മദ് റിഫകൂത്തുപറന്പ് നീർവേലി സ്വദേശിയാണ്.
ഇയാളെ തേടിയാണ് അന്വേഷണസംഘം ഇന്നലെ കൂത്തുപറന്പിലെത്തിയത്. എന്നാൽ ആറുമാസം മുന്പ് ഇയാൾ ശിവപുരം വെന്പടിത്തട്ടിലേക്ക് മാറിയതായി സമീപവാസികൾ പറഞ്ഞതിനാൽ പ്രത്യേക അന്വേഷണസംഘം ശിവപുരത്ത് ഇയാൾ താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയെങ്കിലും മുഹമ്മദ് റിഫയെ കണ്ടെത്താനായില്ല. നാട്ടുകാരുമായി റിഫയ്ക്ക് കാര്യമായി ബന്ധമില്ല.
എറണാകുളത്ത് എൽഎൽബി വിദ്യാർഥിയാണെന്ന വിവരം മാത്രമേ നാട്ടുകാർക്കുള്ളൂ. കണ്ണൂരിലെ എസ്ഡിപിഐ,പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.