തലശേരി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം മട്ടന്നൂരിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ട് മട്ടന്നൂര്‍ ഏരിയാ പ്രസിഡന്റ് പാലോട്ട്പള്ളിയിലെ ഹനീഫയെയാണ് ഇന്നലെ തലശേരി ടൗണ്‍ പോലീസ് മട്ടന്നൂര്‍ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.
മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഹനീഫയെ തലശേരി പോലീസിസെത്തി കസ്റ്റഡിയിലെടുത്ത് കൊണ്ടു വരികയായിരുന്നു. എറണാകുളം പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കസ്റ്റഡിയിലെടുത്ത ഹനീഫയെ പിന്നീട് മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നെത്തിയ പോലീസ് സംഘം നഗരത്തിലെ ലോഡ്ജ് മുറിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഗോപാല്‍പേട്ട സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തു. പോലീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന 50 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.