എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: അഭിമന്യുവിന്റെ കൊലപാതകം കേന്ദ്ര ഏജൻസിയായ എൻ.ഐ.ഐയ്ക്ക് കൈമാറിയേക്കും. ഇതു സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയുമായും ആഭ്യന്തര സെക്രട്ടറിയുമായും കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് ഡി.ജി.പി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ചിലർക്ക് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന ചില തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് കൊച്ചി റെയ്ഞ്ച് ഐ.ജി രാഷ്ട്രദീപികയോട് പറഞ്ഞു.
തെളിവുകൾ കുറച്ചു കൂടി ലഭിക്കാനുണ്ട്. കൂടാതെ ഇതു സംബന്ധിച്ച നിയമോപദേശം തേടിയിരിക്കുകയാണ്. ഇതു കൂടി ലഭിക്കുന്നതോടെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും. പ്രതികൾക്ക് എസ്.ഡി.പി നേതാക്കളിലാരുടേയെങ്കിലും സംരക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും കൃത്യമായ തെളിവുകൾ ലഭിച്ചാൽ മാത്രമെ ഇവർക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധ പ്രവർത്തന നിയമം( യുഎ.പിഎ) ചുമത്തുന്നതിനുള്ള പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രതികളിലധികവും കാന്പസിനു പുറത്തുള്ളവരായതിനാലും ചിലർക്ക് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന ലഭിച്ച സാഹചര്യത്തിലും ഈ കേസ് സർക്കാരും ആഭ്യന്തര വകുപ്പും ഗൗരവമായാണ് എടുത്തിരിക്കുന്നത്.
അഭിമന്യുവിന്റെ കൊലപാതകത്തിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോയെന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബഹ്റയോട് തേടിയിരുന്നു. ഇതു സംബന്ധിച്ച മറുപടി ഉടൻ കേന്ദ്രത്തിന് ഡി.ജി.പി കൈമാറും.