കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കുത്തേറ്റു മരിച്ച കേസിൽ പിടിയിലായ ഒന്നാംപ്രതി ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ. കോളജിലെ അറബിക് സാഹിത്യം മൂന്നാംവർഷ വിദ്യാർഥിയും കാന്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ ചേർത്തല അരൂക്കുറ്റി വടുതല ജാവേദ് മൻസിലിൽ ജെ.ഐ. മുഹമ്മദ് (21), പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച തലശേരി സ്വദേശി ഷാനവാസ് എന്നിവരാണു റിമാൻഡിലായത്.
ഒളിവിലായിരുന്ന ഒന്നാംപ്രതി ഉൾപ്പെടെ ഇരുവരുടെയും അറസ്റ്റ് ഇന്നലെയാണു പോലീസ് രേഖപ്പെടുത്തിയത്. രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയാണു ഇവരെ റിമാൻഡ് ചെയ്തത്.കൂടുതൽ അന്വേഷണങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കുമായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണു വിവരം.
അതേസമയം, കേസിലെ കൂടുതൽ പ്രതികൾ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന സൂചനയാണു പുറത്തുവരുന്നത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്ന ഇവരിൽ ചിലരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നാണു ലഭിക്കുന്ന വിവരം. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ മുഹമ്മദ് അറസ്റ്റിലായതോടെ തുടർ അന്വേഷണം വേഗത്തലാകുമെന്ന പോലീസും പറയുന്നു.
കാന്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻറുകൂടിയായ മുഹമ്മദിനെ കേരള-കർണാടക അതിർത്തിയിൽനിന്നു ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തെന്നാണു പോലീസിന്റെ വിശദീകരണം. സംഭവദിവസം രാത്രി കൊലയാളിസംഘത്തെ മഹാരാജാസ് കോളജ് പരിസരത്തു വിളിച്ചുവരുത്തിയതും അഭിമന്യു, അർജുൻ, രാഹുൽ ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കളെ കാട്ടിക്കൊടുത്തതും മുഹമ്മദാണെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒന്നിന് അർധരാത്രി കൊലപാതകം നടന്നയുടൻ മറ്റു പ്രതികൾക്കൊപ്പം ജില്ല വിട്ട മുഹമ്മദ് കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ഒളിവിലായിരുന്നു. അരൂക്കുറ്റിയിലുള്ള മുഹമ്മദിന്റെ വീട്ടിൽ പോലീസ് എത്തുന്നതിനു മുന്പ് മാതാപിതാക്കൾ ഉൾപ്പെടെ ഒളിവിൽ പോയിരുന്നു. കർണാടകയിലേക്കു കടന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണ് കോളുകൾ പിന്തുടർന്നാണു വലയിലാക്കിയത്.
രണ്ടു പേർകൂടി പിടിയിലായതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. അതേസമയം, കേസിൽ മുപ്പതിലേറെ പ്രതികളുണ്ടെന്നാണു ലഭിക്കുന്ന വിവരം. നേരത്തേ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതു പതിനെഞ്ചുപേരെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. കൂടുതൽ അന്വേഷണത്തിൽ പ്രതികളെ സഹായിച്ചവരും കൃത്യത്തിനു സഹായിച്ചവരും ഉൾപ്പെടെ മുപ്പതോളം പേർ പ്രതികളാകുമെന്നാണു ലഭിക്കുന്ന സൂചന.