കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു (20) കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് മൂന്നു വര്‍ഷം. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണു കാമ്പസില്‍വച്ച് അഭിമന്യു കൊല്ലപ്പെട്ടത്.
കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരമാണു മൂന്നാം വര്‍ഷത്തില്‍ അഭിമന്യുവിന്റെ ഓര്‍മയില്‍ ഒരുങ്ങുന്നത്.
എറണാകുളം സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടേ മുക്കാല്‍ കോടി രൂപ ചിലവില്‍ സ്മാരകം നിര്‍മിച്ചത്. സമൂഹത്തിലെ ഏറ്റവും പിന്നോക്ക അവസ്ഥയോട് പോരാടി പഠിക്കേണ്ടവര്ക്കാണു കലൂരിലെ അഭിമന്യു സ്മാരക മന്ദിരത്തില്‍ സൗകര്യം ഒരുക്കുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ 30 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാം.കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് വരുന്ന മുറയ്ക്കു കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും.
കേസുമായി ബന്ധപ്പെട്ട് നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാനായെങ്കിലും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. പോപ്പുലര്‍ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരാണ് ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായത്.
ആദ്യം എറണാകുളം സെന്‍ട്രല്‍ സിഐ അന്വേഷിച്ച കേസ് പിന്നീട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു.
1,500 പേജ് കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുകയും കേസില്‍ പ്രാരംഭ വിചാരണ ആരംഭിക്കുകയും ചെയ്തിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിമൂലം പിന്നീട് നിര്‍ത്തിവച്ചിരിക്കുകയാണ്.