അട്ടാരി-വാഗ അതിർത്തി: എന്റെ രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷം- പാക്കിസ്ഥാനിൽ 60 മണിക്കൂർ കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് അഭിനന്ദന്റെ സന്തോഷ വാക്കുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയായ സീറോ ലൈനിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ അകന്പടിയോടെയാണ് അഭിനന്ദൻ തിരിച്ചെത്തിയത്. ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ സ്വീകരിച്ചു കൂട്ടിക്കൊണ്ടുപോയി. വൈമാനികനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കുമെന്ന് എയർ വൈസ് മാർഷൽ ആർ.ജി.കെ.കപൂർ മാധ്യമങ്ങളോടു പറഞ്ഞു.
വൈകിട്ട് അഞ്ചോടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വാഗാ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസർമാർക്ക് കൈമാറിയെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ നടപടിക്രമങ്ങൾ പിന്നെയും മണിക്കൂറുകൾ നീണ്ടു. 9.20-നാണ് ഒടുവിൽ ഒൗദ്യോഗികമായി വൈമാനികനെ ഇന്ത്യക്കു കൈമാറിയത്. വൈദ്യ പരിശോധനയടക്കം മണിക്കൂറുകൾ നടപടിക്രമങ്ങൾ നീണ്ടതാണ് അഭിനന്ദന്റെ തിരിച്ചുവരവ് വൈകിച്ചത്. അതിനിടെ അഭിനന്ദന്റെ കൈമാറ്റത്തിനു തൊട്ടുമുന്‍പും പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ ഉപാധികൾ വച്ചതായി റിപ്പോർട്ടുണ്ട്.