ന്യൂഡൽഹി: പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ വിട്ടു തരുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മൗനം തുടരുന്നു. ഒരു പോറലുപോലുമേൽക്കാതെ വൈമാനികനെ എത്രയും വേഗം തിരിച്ചുതരണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലുള്ള വൈമാനികനെ എത്രയും വേഗം ഇന്ത്യക്കു കൈമാറണമെന്നു പിന്നീടു പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു.
ജനീവ കരാറനുസരിച്ച് ഒരാഴ്ചയ്ക്കകം വൈമാനികനെ ഇന്ത്യക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തടവിലുള്ള ഇന്ത്യൻ വൈമാനികന്റെ വീഡിയോകളും ഫോട്ടോകളും പുറത്തുവിട്ടതിലും ഇന്ത്യ പ്രതിഷേധം അറിയിച്ചു. വെടിയേറ്റു വിമാനം വീഴുന്നതിനിടെ സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ട വൈമാനികനെ പാക് സൈന്യം പിടികൂടുകയായിരുന്നു.
അഭിനന്ദനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനിലെ ഗ്രാമവാസികൾ ഇദ്ദേഹത്തെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
പാക് പട്ടാളത്തിന്റെ നടുവിൽ തെല്ലും ഭയമില്ലാതെ നിൽക്കുന്ന അഭിനന്ദന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഔപചാരിക യുദ്ധപ്രഖ്യാപനം ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ ഉടനടി ഇന്ത്യക്കു കൈമാറുക എന്നതാണു പാക്കിസ്ഥാൻ ചെയ്യേണ്ട കാര്യം. പക്ഷേ, അതിനുള്ള ശ്രമത്തിലല്ല പാക്കിസ്ഥാൻ. രാവിലെയും വൈകുന്നേരവും ആ പോരാളിയുടെ വീഡിയോ പാക് ടിവിയിൽ കാണിച്ചതിലെ സൂചന അതാണ്.
നയതന്ത്ര മര്യാദപ്രകാരം ഇദ്ദേഹത്തെ അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റിലോ പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലോ ഏല്പിക്കേണ്ടതാണ്. അതല്ലെങ്കിൽ യുദ്ധം പ്രഖ്യാപിച്ചു യുദ്ധക്കുറ്റവാളിയായി പരിഗണിക്കണം. അപ്പോഴും വീഡിയോ ഷൂട്ടിംഗ് അനുവദനീയമല്ല. പാക്കിസ്ഥാൻ മര്യാദയുടെ ഭാഷയും പെരുമാറ്റവും കാണിക്കുമെന്നു കരുതുന്നതുതന്നെ തെറ്റെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.