ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ വിട്ടുനൽകാൻ തയാറെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. അതിർത്തിയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും ഖുറേഷി പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിലൂടെ ചർച്ച നടത്താൻ ഇമ്രാൻ ഖാൻ തയാറാണെന്നും ഖുറേഷി കൂട്ടിച്ചേർത്തു.
അതേസമയം അഭിനന്ദൻ വർധമാന്റെ കാര്യത്തിൽ യാതൊരു ഉപാധിക്കും തയാറല്ലെന്ന് കേന്ദ്രസർക്കാരും നിലപാട് സ്വീകരിച്ചു. അഭിനന്ദൻ വർധമാനെ ജനീവ ഉടന്പടിയുടെ അടിസ്ഥാനത്തിൽ വിട്ടയക്കണമെന്നും അദ്ദേഹത്തെ കസ്റ്റഡിയിൽ വയ്ക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉടന്പടികളുടെ ലംഘനമാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു പാക്കിസ്ഥാൻ വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകർന്നാണ് പൈലറ്റായ അഭിനന്ദൻ വർധമാൻ പാക് പിടിയിലായത്.