ന്യൂഡൽഹി: അഭിനന്ദൻ വർദ്ധമാൻ മുഴുവൻ സമയ പൈലറ്റായി വ്യോമസേനയിൽ തിരിച്ചെത്തുന്നു. അപകടത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു.
പൈലറ്റായി ജോലിയിൽ തിരികെ കയറാനുള്ള ആരോഗ്യപരീക്ഷകൾ മുഴുവൻ വിജയകരമായി അദ്ദേഹം പൂർത്തിയാക്കിയതായി വ്യോമസേന അറിയിച്ചു. ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏയ്റോസ്പേസ് മെഡിസിനിലാണ് ആരോഗ്യ പരീക്ഷകൾ നടന്നത്. അഭിനന്ദൻ വർദ്ധമാനു വ്യോമസേനാ പൈലറ്റാവാൻ ഒരു തടസവും ഇനിയില്ലെന്ന് അവർ അറിയിച്ചു.
ബാലാകോട്ട് ആക്രമണത്തെത്തുടർന്ന് 2019 ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാകിസ്ഥാൻ എഫ് 16 വിമാനങ്ങളെ പിന്തുടർന്ന് തകർത്ത വൈമാനികരിലൊരാളാണ് അഭിനന്ദൻ. സ്വന്തം വിമാനം തകർന്ന് പാകിസ്ഥാന്റെ പിടിയിലായെങ്കിലും ധൈര്യവും മനഃസാന്നിധ്യവും കൈവെടിയാതെ നിന്ന അഭിനന്ദൻ വർദ്ധമാൻ രാഷ്ട്രത്തിന്റെയാകെ അഭിമാനസ്തംഭമായി മാറിയിരുന്നു. അഭിനന്ദനു വീർ ചക്ര നൽകണം എന്ന് വ്യോമസേന ശിപാർശ ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീർ ചക്ര. പരം വീർ ചക്രവും മഹാവീർ ചക്രവുമാണ് ഇതിനു മുകളിലുള്ള ബഹുമതികൾ. ഓഗസ്റ്റ് 15നു ഒൗദ്യോഗികമായി അഭിനന്ദൻ വർദ്ധമാനു വീർചക്രം സമ്മാനിക്കാനുള്ള തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.