പാക്കിസ്ഥാനിൽനിന്നു തിരിച്ചുവന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് ഇനി ചോദ്യംചെയ്യലിന്റെ നാളുകൾ. വിവിധ ഏജൻസികളുടെ ചോദ്യം ചെയ്യലും “കൗൺസലിംഗും’’ കഴിഞ്ഞിട്ടേ അദ്ദേഹം മറ്റുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെടാൻ അനുവദിക്കൂ.
ശത്രുരാജ്യത്തിന്റെ പിടിയിലായി മടങ്ങിവരുന്ന സൈനികർക്കു നിർബന്ധമായുള്ളതാണു ഡീബ്രീഫിംഗ് എന്നറിയപ്പെടുന്ന ചോദ്യം ചെയ്യൽ. ഏതു പദവിയിലുള്ള ആളായാലും അതു വേണം.
ശത്രുവിന്റെ പിടിയിലായ ആൾ ഇതു കഴിഞ്ഞിട്ടേ മറ്റുള്ളവരോടു സംസാരിക്കാവൂ. അതുകൊണ്ടാണ് അട്ടാരിയിൽ അഭിനന്ദനെ ഏറ്റുവാങ്ങിയശേഷം മാധ്യമങ്ങൾക്കു മുന്പിൽ അവതരിപ്പിക്കാത്തത്. മാതാപിതാക്കളെപ്പോലും ഡൽഹിയിൽ എത്തിച്ചശേഷമേ കാണിച്ചുള്ളൂ.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിംഗ് അഭിനന്ദനെ സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ കേന്ദ്രം അതു വേണ്ടെന്നു പറഞ്ഞത് അക്കാരണത്താലാണ്. രാഷ്ട്രീയ – ഭരണതലങ്ങളിലെ ആരെയും അട്ടാരിയിലേക്കു പ്രവേശിപ്പിച്ചതുമില്ല.
ശത്രുവിന്റെ പിടിയിലായപ്പോൾ എന്തെല്ലാം നടന്നു എന്നറിയുകയാണു പ്രധാന കാര്യം. എന്തെല്ലാം വിവരങ്ങൾ അവർക്കു കൊടുത്തു, രഹസ്യങ്ങൾ വെളിപ്പെടുത്തിയോ എന്നൊക്കെ ചോദിച്ചറിയണം. അവർ സ്വാധീനം ചെലുത്തുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തോ എന്നും അറിയണം. ദീർഘകാലം ശത്രുവിന്റെ പിടിയിലാകുന്ന ചിലർ ശത്രുവിനെ ഇഷ്ടപ്പെടുകയും ശത്രുപക്ഷത്തെക്കു മാനസികമായി ചായുകയും ചെയ്യാറുണ്ട്.
തന്നെ തടവിലാക്കിയവരോടു ബന്ദിക്ക് ഇഷ്ടം തോന്നുന്ന സ്റ്റോക്ഹോം സിൻഡ്രം എന്ന പ്രവണത ഉണ്ടായോ എന്നു പരിശോധിക്കണം. അഭിനന്ദൻ രണ്ടു ദിവസം മാത്രമേ കസ്റ്റഡിയിൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ സ്വാധീനിക്കപ്പെടാൻ സാധ്യത വളരെ കുറവാണ്.
ശാരീരികവും മാനസികവുമായ എല്ലാ വശങ്ങളും ഡീബ്രീഫിംഗിൽ വിലയിരുത്തും. വ്യോമസേനയുടെ ആൾക്കാർക്കു പുറമേ ഇന്റലിജൻസ് ബ്യൂറോ, ചാര സംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലെയും ആൾക്കാർ ഡീബ്രീഫിംഗിൽ പങ്കെടുക്കും.
പാക് മണ്ണിൽ വീണതു മുതലുള്ള എല്ലാക്കാര്യവും വിശദമായി പറഞ്ഞു കേൾപ്പിക്കണം. അതെല്ലാം പൂർത്തിയായശേഷം എന്തെല്ലാം പറയാം, എന്തെല്ലാം പറയരുത് എന്നു പഠിപ്പിച്ചശേഷമേ മറ്റുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെടാൻ അനുവദിക്കൂ.
വിമാനം നല്ല ഉയരത്തിലായിരുന്നപ്പോഴാണ് അഭിനന്ദൻ സീറ്റ് സഹിതം എടുത്തെറിയപ്പെട്ടത്. പാരഷൂട്ട് ഉപയോഗിച്ചാണു നിലത്തിറങ്ങിയതെങ്കിലും നട്ടെല്ലിനു ചില്ലറ ക്ഷതമേൽക്കാൻ സാധ്യതയുണ്ടെന്നു വ്യോമസേനാധികൃതർ പറഞ്ഞു. എംആർഐ, സിടി സ്കാനിംഗുകൾ നടത്തി പ്രശ്നങ്ങൾ ഉണ്ടോ എന്നു കണ്ടെത്തും.
നാട്ടുകാരിൽനിന്നു മുഖത്തും മറ്റും ഏറ്റ മുറിവും ചതവും മൂലം വേദനയോടെയാണ് അഭിനന്ദൻ പാക് പട്ടാളത്തിന്റെ കൈയിലെത്തിയത്. പാക് പട്ടാളത്തിന്റെ ഒരു ആശുപത്രിയിൽ പ്രഥമശുശ്രൂഷയുടെ ഭാഗമായി വേദനസംഹാരി കുത്തിവച്ചു എന്നു പറയുന്നു. കുത്തിവയ്പിലോ ഭക്ഷണത്തിലോ കൂടി എന്തെങ്കിലും മറ്റു രാസവസ്തുക്കൾ ശരീരത്തിലേക്കു കടത്തിവിട്ടിട്ടുണ്ടോ എന്നറിയാൻ രക്തത്തിന്റെ സന്പൂർണ പരിശോധന നടത്തി. ഏതാനും ദിവസമെടുക്കും ഇതിന്റെ ഫലമറിയാൻ.
ശാരീരികമായി സന്പൂർണ ഫിറ്റ്നസ് ഉണ്ടെങ്കിൽ അഭിനന്ദന് ഇപ്പോഴത്തെ യൂണിറ്റിൽ (അവന്തിപ്പോര) ഇപ്പോഴത്തെ ജോലിയിൽ തുടരാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതനുസരിച്ചു ജോലി മാറിയേക്കാം.
അച്ഛൻ റിട്ട. എയർമാർഷൽ എസ്. വർധമാൻ, അമ്മ ഡോ. ശോഭ, ഭാര്യ റിട്ടയേഡ് സ്ക്വാഡ്രൺ ലീഡർ തൻവി മാർവ എന്നിവരോട് അഭിനന്ദൻ അരമണിക്കൂറോളം സംസാരിച്ചു. പൈലറ്റായ തൻവി 2012ൽ റിട്ടയർ ചെയ്തതാണ്.
നചികേതയുടെ കഥ
1999 -ൽ കാർഗിൽ യുദ്ധവേളയിൽ യുദ്ധത്തടവുകാരനാക്കപ്പെട്ട പൈലറ്റാണ് കെ. നചികേത. അന്ന് 26 വയസേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. എട്ടു ദിവസത്തിനുശേഷം ഹെഡ്ക്രോസ് കമ്മിറ്റിയാണു നചികേതയെ ഏറ്റുവാങ്ങി ഇന്ത്യക്കു കൈമാറിയത്.