പാകിസ്ഥാന്റെ പിടിയില് നിന്നും മോചിതനായി മടങ്ങിയെത്തിയ വിംഗ് കമാന്ഡര് അഭിനന്ദന് വര്ധമാന് ഉടന്തന്നെ യുദ്ധവിമാനങ്ങള് പറത്തിയേക്കുമെന്ന് റിപ്പോര്ട്ട്. ബംഗളൂരു ആസ്ഥാനമായ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) പരിശോധനാ റിപ്പോര്ട്ട് നല്കി. പാക്കിസ്ഥാനില്നിന്ന് മടങ്ങിയെത്തിയ അഭിനന്ദന് ഒട്ടേറെ പരിശോധനകള്ക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകള്ക്ക് വിധേയമാക്കും. പാക് കസ്റ്റഡിയില് 60 മണിക്കൂര് കഴിഞ്ഞതിനുശേഷമാണ് അഭിനന്ദന് ഇന്ത്യയില് തിരിച്ചെത്തിയത്.
ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകള്ക്കാണ് അഭിനന്ദന് വിധേയനായത്. തിരിച്ചെത്തിയ ഉടന് നടത്തിയ പരിശോധനയില് അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. നിലവില് ശ്രീനഗറിനുള്ള എയര്ഫോഴ് നമ്പര് 51 സ്ക്വാര്ഡനിലാണ് അഭിനന്ദനുള്ളത്. വിമാനങ്ങള് പറത്താന് അനുവദിക്കുന്നതിന് 12 ആഴ്ചകള് മുന്പു തന്നെ പരിശോധനകള് പൂര്ത്തിയാക്കാറാണു പതിവ്. വിമാനത്തില്നിന്ന് താഴേക്ക് ചാടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്നിന്ന് പൂര്ണ്ണമായും മോചിതനാകുന്നതുവരെ വിശ്രമം അനുവദിക്കാറുണ്ട്.
ആവശ്യമെങ്കില് യുഎസ് വ്യോമസേനയില്നിന്നു വിദഗ്ധോപദേശം തേടുമെന്ന് മുന് ഡയറക്ടര് ജനറല് മെഡിക്കല് സര്വീസസ് (എയര്) പറഞ്ഞു. ഫെബ്രുവരി 27ന് ഇന്ത്യന് അതിര്ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്-16വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന് തകര്ത്തിരുന്നു. പുല്വാമയില് 40 ഇന്ത്യന് സൈനികരെ കൊലപ്പെടുത്തിയതിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടില് ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. രാജ്യത്ത് വീരനായകനായ അഭിനന്ദന് വീണ്ടും വിമാനം പറപ്പിക്കുമെന്ന വാര്ത്ത ആളുകള് ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.