ന്യൂഡൽഹി: ഓപ്പറേഷനിടെ പിടിയിലായ വൈമാനികൻ അഭിനന്ദൻ വർധമാന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി പാക്കിസ്ഥാൻ മാധ്യമങ്ങൾക്കു നൽകി. 1.24 മിനിറ്റ് ദൈർഘ്യമുള്ള എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് പാക് അധികൃതർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വാഗ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ ഇന്ത്യക്കു കൈമാറുന്നതിനു തൊട്ടുമുന്‍പാണ് വീഡിയോ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.
താൻ പാക്കിസ്ഥാന്റെ വ്യാമാതിർത്തി ലംഘിച്ചെന്നും തന്റെ വിമാനം പാക് വ്യോമസേന വെടിവെച്ചിട്ടെന്നും അഭിനന്ദൻ പറയുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും. പാരച്ചൂട്ടിൽ നിലത്തിറങ്ങിയ തന്നെ പാക് സൈന്യമാണ് രക്ഷിച്ചതെന്നും അഭിനന്ദൻ പറയുന്നു. 17 തവണ ഈ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്നു വിദഗ്ധർ പറയുന്നു.
പാക്കിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച് സംസാരിച്ച അഭിനന്ദൻ ഇന്ത്യൻ മാധ്യമങ്ങളെ വീഡിയോയിൽ വിമർശിക്കുന്നുമുണ്ട്. പാക്കിസ്ഥാൻ സേന പ്രഫഷനൽ മികവോടെയാണു പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ മാധ്യമങ്ങൾ ചെറിയ കാര്യങ്ങൾ പോലും പൊലിപ്പിച്ചുകാട്ടുന്നുവെന്നും അഭിനന്ദൻ വീഡിയോയിൽ പറയുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി 9.20-നാണ് അഭിനന്ദനെ പാക്കിസ്ഥാൻ ഒൗദ്യോഗികമായി ഇന്ത്യക്കു കൈമാറിയത്. വൈകിട്ട് അഞ്ചോടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വാഗാ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസർമാർക്ക് കൈമാറിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നടപടിക്രമങ്ങൾ പിന്നെയും മണിക്കൂറുകൾ നീണ്ടു.
വൈദ്യ പരിശോധനയടക്കം മണിക്കൂറുകൾ നടപടിക്രമങ്ങൾ നീണ്ടതാണ് അഭിനന്ദന്റെ തിരിച്ചുവരവ് വൈകിച്ചത്. അതിനിടെ അഭിനന്ദന്റെ കൈമാറ്റത്തിനു തൊട്ടുമുന്‍പും പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ ഉപാധികൾ വച്ചതായി റിപ്പോർട്ടുണ്ട്.