ന്യൂഡൽഹി: പാക് അധീന കാഷ്മീരിൽനിന്നു ബുധനാഴ്ച പാക് സേന പിടികൂടിയ ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്നു മോചിതനായി ഇന്ത്യയിൽ മടങ്ങിയെത്തും. മുപ്പത്തിനാലു വയസുള്ള അഭിനന്ദനെ ഇന്ന് ഉച്ചയോടെ ഹോറിൽനിന്ന് വാഗാ അതിർത്തിയിൽ എത്തിക്കും.
റെഡ്ക്രോസ് പ്രതിനിധികൾക്കൊപ്പം വരുന്ന അഭിനന്ദനെ വ്യോമസേനാ പ്രതിനിധികൾ സ്വീകരിക്കും. അഭിനന്ദിന്റെ കുടുംബാംഗങ്ങൾ അതിർത്തിയിൽ എത്തിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളും എത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദ്ര സിംഗ് അഭിനന്ദിനെ നേരിട്ട് സ്വീകരിക്കാനുള്ള അനുവാദം പ്രധാനമന്ത്രിയോട് ചോദിച്ചിട്ടുണ്ട്.അഭിനന്ദനെ ഇന്നു മോചിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ പാക്കിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത യോഗത്തിലാണ് അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ടെലിഫോണിൽ സംസാരിക്കുമെന്ന് ഇമ്രാൻ പറഞ്ഞു. ഇന്ത്യയുമായി ഭീകരത അടക്കം എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനുള്ള സന്നദ്ധത ഇമ്രാൻ പ്രകടിപ്പിച്ചു. എന്നാൽ ചർച്ചയ്ക്ക് ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചില്ല.
പഞ്ചാബിൽനിന്നു പാക്കിസ്ഥാനിലെ സിക്ക് തീർഥകേന്ദ്രമായ കർതാർപുരിലേക്കുള്ള ഇടനാഴിയുടെ കാര്യത്തിലെ ചർച്ച മാത്രം തുടരാമെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകരർക്കു നേരേ പാക്കിസ്ഥാൻ എന്തു നടപടി സ്വീകരിക്കും എന്നതു നോക്കിയാകും മറ്റു ചർച്ചകളുടെ കാര്യത്തിലെ തീരുമാനം. ജയ്ഷ് ഭീകരതയെപ്പറ്റിയുള്ള രേഖകൾ ഇന്നലെ ഇന്ത്യ നല്കി.
അഭിനന്ദൻ ക്ഷേമമായിരിക്കുന്നു എന്നാണു പാക് പട്ടാളം ഇന്നലെ അറിയിച്ചത്. ഇന്ത്യയിലേക്ക് അതിക്രമിച്ചു കടന്ന പാക് വ്യോമസേനയുടെ എഫ്-16 വിമാനം വീഴ്ത്തുന്നതിനിടെയാണ് അഭിനന്ദന്റെ വിമാനം മിസൈലേറ്റു തകർന്നത്. നിരുപാധികമാണ് അഭിനന്ദന്റെ മോചനം എന്നാണ് ഇന്ത്യാ ഗവൺമെന്റ് വ്യക്തമാക്കിയത്. അഭിനന്ദന്റെ മോചന പ്രഖ്യാപനം അതിർത്തിയിലെ സംഘർഷനില കുറച്ചിട്ടുണ്ട്.
86 സെക്കന്ഡ്സ്
നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ എഫ്16 പോർവിമാനവും ഇന്ത്യയുടെ മിഗ്21 വിമാനവും കഴിഞ്ഞ ദിവസം നടത്തിയത് നേരിട്ടുള്ള ആക്രമണം. അതിനെ ഡോഗ് ഫൈറ്റ് എന്നാണ് അറിയപ്പെടുന്നത്. ഈ പോരാട്ടത്തിൽ മുന്നിൽ നിന്നത് അഭിനന്ദൻ ആയിരുന്നു.
86 സെക്കന്ഡ്സ് നേരം മാത്രമാണ് പോരാട്ടം നീണ്ടു നിന്നത്.നാല് സെക്കൻഡിൽ ഒരു കിലോമിറ്റർ ദൂരം പറന്നായിരുന്നു. എഫ് 16 വിമാനത്തെ അഭിനന്ദ് പിന്തുടർന്നത്. ഇതിനൊടുവിലാണ് എഫ് 16 വിമാനത്തെ ഇന്ത്യയുടെ മിഗ് വെടിവച്ചിട്ടത്. ഫെബ്രുവരി 27ന് ഏറെ നേരം ഇന്ത്യൻ റഡാറുകൾ പാക്കിസ്ഥാൻ വിമാനങ്ങളുടെ വലിയ സാന്നിദ്ധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഇന്ത്യ കരുതൽ തുടങ്ങി.
തുടർന്ന് ഈ വിമാനങ്ങൾ പടിഞ്ഞാറൻ റജൗരിയിലെ സുന്ദരബനി പ്രദേശത്ത് കൂടെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു. പല മേഖലകളിൽ കൂടെ ഇവ ഇന്ത്യയിലേക്ക് പ്രവേശിച്ചു. തുടർന്ന് മിഗ് 21 ഉൾപ്പടെയുള്ള ഇന്ത്യൻ യുദ്ധ വിമാനങ്ങൾ ഇവയെ തുരുത്താനെത്തി. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള പാക് വിമാനങ്ങളുടെ ശ്രമത്തെ തടഞ്ഞു.
അഭിനന്ദിച്ച് പാക് മാധ്യമങ്ങളും
ഇസ്ലാമാബാദ്: മിഗ് വിമാനം തകർന്നു പാക് അധീന കാഷ്മീരിൽ വീണ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ അഭിനന്ദിച്ച് പാക് മാധ്യമങ്ങളും. പാക് പിടിയിലാകുംമുന്പ് തന്റെ കൈയിൽ ഉണ്ടായിരുന്ന രേഖകൾ അഭിനന്ദൻ നശിപ്പിച്ചു. പാക്കിസ്ഥാനിലെ ഡോൺ പത്രം തദ്ദേശവാസിയായ മുഹമ്മദ് റസാഖ് ചൗധരിയെ കണ്ടു തയാറാക്കിയ റിപ്പോർട്ടിലാണിത്. റിപ്പോർട്ട് ഇന്നലെ പത്രത്തിൽ പ്രസിദ്ധീകരിച്ചു.
നിയന്ത്രണരേഖയിൽനിന്ന് ഏഴു കിലോമീറ്റർ അകലെ ഹേറോൺ ഗ്രാമത്തിലാണ് അഭിനന്ദൻ വീണത്. അപ്പോൾ ചൗധരി വീട്ടുമുറ്റത്തായിരുന്നു. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ ആണു വിമാനം വീണത്. പാക് സമയം രാവിലെ 8.45-ന് വലിയ ശബ്ദം കേൾക്കുകയും പുകകാണുകയും ചെയ്തപ്പോഴാണ് കാര്യമറിഞ്ഞത്. രണ്ടു വിമാനങ്ങൾക്കു തീപിടിച്ചതായി കണ്ടു. ഒന്ന് നിയന്ത്രണരേഖയുടെ (ഇന്ത്യയുടെ) ദിശയിലേക്കു പോയി. ഒന്ന് അവിടെ വീണു എന്നു ചൗധരി പറഞ്ഞു.
പാരച്യൂട്ടിൽ നിന്ന് പുറത്തിറങ്ങിയ വൈമാനികനു കുഴപ്പമൊന്നും ഉള്ളതായി ചൗധരിക്കു തോന്നിയില്ല. ഒരു കൈത്തോക്കുമായാണു വൈമാനികൻ (അഭിനന്ദൻ) പുറത്തുവന്നത്. അപ്പോഴേക്ക് അവിടെ ഓടിക്കൂടിയ ചെറുപ്പക്കാരോട് ഇന്ത്യയാണോ പാക്കിസ്ഥാനാണോയെന്ന് അഭിനന്ദൻ ചോദിച്ചു. ഇന്ത്യയാണെന്ന് ചെറുപ്പക്കാർ പറഞ്ഞു. തന്റെ നടുവ് വേദനിക്കുന്നെന്നും കുടിക്കാൻ വെള്ളം വേണമെന്നും അഭിനന്ദൻ പറഞ്ഞു.
പിന്നീട് അഭിനന്ദൻ ഇന്ത്യാ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും കുറെ ചെറുപ്പക്കാർ അത് തന്ത്രപൂർവം ഏറ്റുവിളിച്ചെന്നുമാണു ചൗധരി പറഞ്ഞത്. പക്ഷേ അല്പം കഴിഞ്ഞപ്പോൾ ചെറുപ്പക്കാർ പാക് സേനയ്ക്കു സിന്ദാബാദ് വിളിച്ചത്രെ. ഇതു കേട്ടതോടെ അഭിനന്ദൻ ആകാശത്തേക്കു വെടിവച്ചെന്നും ചെറുപ്പക്കാർ കല്ലെടുത്തെന്നും ചൗധരി പറഞ്ഞതായാണു റിപ്പോർട്ട്. അഭിനന്ദൻ അവിടെനിന്ന് ഓടി. ചെറുപ്പക്കാർ പിന്നാലെയും.
ഇടയ്ക്ക് അഭിനന്ദന്റെ വെടി ഒരു ചെറുപ്പക്കാരന്റെ കാലിൽ കൊണ്ടു.ഇടയ്ക്കു കണ്ട കുളത്തിൽ ചാടിയ അഭിനന്ദൻ രേഖകൾ തിന്നും വെള്ളത്തിൽ മുക്കിയും നശിപ്പിക്കാൻ ശ്രമിച്ചു. പിന്നീടു ചെറുപ്പക്കാർ അഭിനന്ദനെ പിടിച്ചുകയറ്റി മർദിച്ചെന്നാണു ചൗധരി പറഞ്ഞത്. അതിനുശേഷമാണു പാക് സൈന്യം എത്തിയത്.